പേരു മാറ്റാനൊരുങ്ങി ഫേസ്ബുക്ക്, കാരണമിതാണ്

സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദ വെര്‍ജ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും ഉടമസ്ഥാവകാശമുള്ള ഫേസ്ബുക്ക് തങ്ങളുടെ പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെറ്റാവേഴ്‌സ് എന്ന ഫേസ്ബുക്കിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റല്‍ എന്നാണ് വിവരം.

ഉപഭോക്താക്കള്‍ക്ക് കാണാനും സംസാരിക്കാനും പറ്റുന്ന ഒരു വിര്‍ച്വല്‍ സ്‌പേസാണ് മെറ്റാവേഴ്‌സ്. ഇത് ഉടന്‍ തന്നെ സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് മാര്‍ക് സക്കര്‍ബര്‍ഗും ഫേസ്ബുക്കും. അഞ്ച് കോടി ഡോളറാണ് ഈ സംവിധാനം നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിക്കുക. ഇതിനായി ഒരു ടീമിനെ രൂപീകരിക്കുമെന്ന് ജുലൈയില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. അതേസമയം, ബ്രാന്‍ഡ് നെയിം മാറ്റവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നിരുന്നാലും ഒക്ടോബര്‍ 28 ന് നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തുമെന്നും ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ബുക്ക് നിലവിലുള്ളത് പോലെ തുടരുമെന്നതിനാല്‍ ബ്രാന്‍ഡ് നെയിം മാറ്റം ഫേസ്ബുക്കിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെയോ ഉപഭോക്താക്കളെയോ ബാധിക്കില്ല. പേര് മാറ്റുന്നതോടെ ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിയുടെ കീഴിലാകും. ബ്രാന്‍ഡ് നെയിം മാറ്റത്തിലൂടെ സോഷ്യല്‍ മീഡിയ എന്ന മുഖച്ഛായ മാറ്റാനും ഫേസ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്കും സക്കര്‍ബര്‍ഗ് ചുവടുവയ്ക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it