Top

ഫേസ്ബുക്ക് ഷോപ്പ്‌സ് നിസാരക്കാരനല്ല! ചെറുകിട ബിസിനസുകാര്‍ അറിയേണ്ടതെല്ലാം...

നിങ്ങള്‍ ഒരു സോഫ വില്‍ക്കാനായി അതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ ഷോപ്പ്‌സില്‍ അപ്‌ലോഡ് ചെയ്യാന്‍ പോകുന്നു. ആ ചിത്രം ഫേസ്ബുക്ക് ഷോപ്പ്‌സിന്റെ നിര്‍മിതബുദ്ധി തിരിച്ചറിഞ്ഞ് 'ബ്ലാക്ക്, ലെതര്‍, 5 സീറ്റര്‍ സോഫ' എന്ന പേരില്‍ ലിസ്റ്റ് ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതൊരു ഉദാഹരണം മാത്രം. ചെറുകിട ബിസിനസുകള്‍ക്കായി ഫേസ്ബുക്ക് അവതരിപ്പിച്ച 'ഷോപ്പ്‌സ്' വെറുമൊരു ഷോപ്പിംഗ് പ്ലാറ്റ്‌ഫോമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഫര്‍ണിച്ചര്‍ മുതല്‍ ഫാഷന്‍ വരെയുള്ള വില്‍ക്കാന്‍ വെക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളെയും ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ സാധിക്കുന്ന നൂതനമായ മാര്‍ക്കറ്റ്‌പ്ലേസ് ആണ്.

ഭാവിയില്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, ഡിജിറ്റല്‍ അസിസ്റ്റന്‍സ് എന്നിവ ചേര്‍ന്ന് വീട്ടിലിരുന്ന് ഷോപ്പില്‍ പോയി സാധനം വാങ്ങുമ്പോഴുള്ള അനുഭവം ലഭ്യമാകും. ഇതിനുള്ള തുടക്കമിട്ടിരിക്കുകയാണ് ഫേസ്ബുക്ക്. സമീപഭാവിയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളില്‍ ആദ്യത്തേതായിരിക്കും പ്രോഡക്റ്റ് റെക്കഗ്നീഷന്‍ സൗകര്യമെന്ന് കമ്പനി പറയുന്നു.

ഇ-കൊമേഴ്‌സിനെ അടിമുടി മാറ്റുന്നു 'ഗ്രോക്‌നെറ്റ്'

ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുന്നതിനായി 'ഗ്രോക്‌നെറ്റ്' എന്ന പുതിയ ടൂള്‍ ആണ് ഉപയോഗിക്കുന്നത്. ഒരു ചിത്രത്തിന്റെ പതിനായിരക്കണക്കിന് വ്യത്യസ്തമായ സവിശേഷതകള്‍ തിരിച്ചറിയാന്‍ ഗ്രോക്‌നെറ്റിന് സാധിക്കും. നാം തുടക്കത്തില്‍ സോഫയുടെ ഉദാഹരണം പറഞ്ഞല്ലോ. നാം നമ്മുടെ വില്‍ക്കാനുള്ള ഉല്‍പ്പന്നത്തിന്റെ ഫോട്ടോ പേജിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ നിര്‍മിതബുദ്ധി, യാന്ത്രികമായി ടാഗ് ചെയ്യുകയും ഷോപ്പിംഗ് പേജിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതികളും അവരുടെ താല്‍പ്പര്യങ്ങളും തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമുണ്ടാകാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍ദ്ദേശിക്കാനും നിര്‍മിത ബുദ്ധി സംവിധാനത്തിന് സാധിക്കും.

വലിയ ഡാറ്റബേസില്‍ നിന്ന് കോടിക്കണക്കിന് ചിത്രങ്ങളുടെ സവിശേഷതകള്‍ മനസിലാക്കുന്നതിനുള്ള പരിശീലനമാണ് ഗ്രോക്‌നെറ്റിന് കൊടുത്തത്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ്‌പ്ലേസില്‍ നിന്ന് എടുത്തതാണ്. പ്രകാശം കുറഞ്ഞ രീതിയില്‍ എടുക്ക ഫോട്ടോകളും ഉല്‍പ്പന്നത്തിന്റെ മുഴുവനും കാണാന്‍ സാധിക്കാതെ വിവിധ കോണുകളില്‍ നിന്ന് എടുത്ത ഫോട്ടോകളും തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു മെഷീന്‍ വിഷന്‍ സിസ്റ്റം സൃഷ്ടിക്കുന്നതില്‍ ഈ ഡാറ്റ വളരെ പ്രധാനമാണെന്ന് ഫേസ്ബുക്ക് പറയുന്നു.

ഇനി ഫേസ്ബുക്ക് ഷോപ്പ്‌സ് സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

$ എന്താണ് ഇതിന്റെ പ്രയോജനം

ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിയമപരമായി വില്‍ക്കാന്‍ കഴിയുന്ന എന്ത് ഉല്‍പ്പന്നവും ഇതില്‍ സൗജന്യമായി ലിസ്റ്റ് ചെയ്യാം. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കാലിടറുന്ന ചെറുകിട ബിസിനസുകള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഫേസ്ബുക്ക് ഷോപ്പ്‌സിന് കഴിയും. ആളുകള്‍ക്ക് പുറത്തിറങ്ങി കടയില്‍ പോയി പഴയതുപോലെ ഷോപ്പിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയെതാണ് റീറ്റെയ്ല്‍ ബിസിനസുകള്‍ക്ക് മുന്നിലുള്ള പിടിവള്ളി. പുതിയ സൗകര്യം ഫേസ്ബുക്കിന്റെ വരുമാനം കൂട്ടാനും സഹായിക്കും.

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറുകളായി മാറ്റുകയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ലക്ഷ്യം. ''ഇതിന്റെ പ്രാഥമിക ലക്ഷ്യം ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടാക്കുകയും അതുവഴി ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുകയുമാണ്.'' ഫേസ്ബുക്കിന്റെ പ്രോഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്റ്റര്‍ ജോര്‍ജ് ലീ പറയുന്നു. ചെറുകിട ബിസിനസുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കാം.

ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമാണ് ഈ സേവനം ലഭ്യമാക്കുന്നതെങ്കിലും വാട്ട്‌സാപ്പ്, മെസഞ്ചര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

$ എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?

ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നു, പേജ് ഉണ്ടാക്കുന്നു എന്ന് പറയുന്നതുപോലെ ഇതില്‍ ഷോപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഷോപ്പ് ഉണ്ടാക്കുമ്പോള്‍ സംരംഭകന് ഫേസ്ബുക്കിന്റെ കാറ്റലോഗില്‍ നിന്ന് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. സ്വന്തം ഫേസ്ബുക്ക് ഷോപ്പ് ഇഷ്ടപ്പെട്ട കവര്‍ ചിത്രവും നിറങ്ങളും നല്‍കി കസ്റ്റമൈസ് ചെയ്യാന്‍ സംരംഭകന് സാധിക്കും.

ഉപഭോക്താക്കള്‍ക്ക് ഈ ഷോപ്പുകള്‍ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും കാണാന്‍ സാധിക്കും. ഷോപ്പിലെ എല്ലാ ഉല്‍പ്പന്നങ്ങളും തെരയാനും ഇഷ്ടപ്പെട്ടവ സേവ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനും കഴിയും.

$ ഇത് സൗജന്യമാണോ?

ചെറുകിട ബിസിനസുകള്‍ക്ക് സൗജന്യമായി ഷോപ്പ് ഒരുക്കാം. ഉപഭോക്താവിനും സേവനം സൗജന്യമാണ്. ബിസിനസുകള്‍ക്ക് ഇതില്‍ പരസ്യം നല്‍കാന്‍ സാധിക്കും. വ്യാപാരികള്‍ക്ക് ചെറിയൊരു തുക നല്‍കി ഇടപാടുകള്‍ നടത്താന്‍ ഫേസ്ബുക്ക് ചെക്കൗട്ട് ഫീച്ചര്‍ ഉപയോഗിക്കാം.

$ എന്നാണ് ഈ സേവനം ലഭ്യമാകുന്നത്?

യു.എസില്‍ ഇപ്പോള്‍ തന്നെ ഷോപ്പ്‌സ് എന്ന ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ ഈ സേവനം ലഭ്യമാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it