വെബ്‌സൈറ്റ് മുന്നില്‍ എത്തണ്ടേ, എസ്.ഇ.ഒ ചെയ്‌തോളൂ

ഇപ്പോള്‍ നിങ്ങള്‍ക്കൊരു വെബ്‌സൈറ്റുണ്ട്. അതില്‍ ആവശ്യമായ ഉള്ളടക്കങ്ങളും ചേര്‍ത്തുകഴിഞ്ഞു. ഇനി നമ്മുടെ വെബ്‌സൈറ്റ് നമ്മളുദ്ദേശിക്കുന്ന ആളുകളില്‍ എത്തണ്ടേ? അതിഭയങ്കരമായ മത്സരമുള്ള സൈബറിടത്തിലെ മാര്‍ക്കറ്റ്‌പ്ലേസില്‍ നമ്മുടെ സ്ഥാനം എവിടെയായിരിക്കും? നമ്മുടെ വെബ്‌സൈറ്റ് മുന്‍പന്തിയില്‍ എത്തുകയെന്നത് അത്ര എളുപ്പമല്ല.

അതായത്, ഫോണ്‍ വാങ്ങേണ്ട ഒരു കസ്റ്റമര്‍ സെര്‍ച്ച് ചെയ്യുക 'ന്യൂ ഫോണ്‍' പോലുള്ള ചില വാക്കുകള്‍ മാത്രം ഉപയോഗിച്ചായിരിക്കും. അപ്പോള്‍ ആദ്യം തുറന്നുവരുന്ന വെബ്‌സൈറ്റുകളില്‍ നിന്നായിരിക്കില്ലേ ആ ഉപഭോക്താവ് ഫോണ്‍ വാങ്ങാന്‍ തുനിയുക. ലക്ഷക്കണക്കിന് സമാന വെബ്‌സൈറ്റുകള്‍ക്കിടയില്‍ നമ്മുടെ വെബ്‌സൈറ്റിനെ മുന്‍പേജില്‍ തന്നെ എത്തിക്കാനുള്ള മാര്‍ഗമാണ് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ അഥവാ എസ്.ഇ.ഒ.

നല്ല ഉള്ളടക്കങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ വെബ്‌സൈറ്റില്‍ ആളെയെത്തിക്കും. എന്നിരുന്നാലും എസ്.ഇ.ഒയുടെ പ്രസക്തി കുറയുന്നില്ല. കാരണം, വെബ് ട്രാഫിക് ബൂസ്റ്റ് ചെയ്യുന്നതും ഗൂഗിള്‍ സെര്‍ച്ച് ഇന്‍ഡക്‌സില്‍ മുന്‍പിലെത്തിക്കുന്നതും എസ്.ഇ.ഒയാണ്. 'മറ്റുള്ള ഓരോരുത്തരും നിങ്ങളെ സ്‌നേഹിക്കുമ്പോള്‍ മാത്രമാണ് ഗൂഗിള്‍ നിങ്ങളെ സ്‌നേഹിക്കുന്നതെന്ന്' ഈ രംഗത്തെ പ്രശസ്ത എഴുത്തുകാരി വെന്‍ഡി പിയേഴ്‌സല്‍ പറയുന്നു. അതെങ്ങനെ സാധിക്കുമെന്നു നോക്കാം.

എസ്.ഇ.ഒ എന്തിന്?

ഒരു കാര്യം ഉപഭോക്താവ് സെര്‍ച്ച് ചെയ്യുമ്പോള്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ നമ്മുടെ വെബ്‌സൈറ്റ് ആദ്യ പേജില്‍, ആദ്യത്തില്‍ തന്നെ ഇടംപിടിക്കാനാണ് എസ്.ഇ.ഒ ചെയ്യുന്നത്. സെര്‍ച്ച് ഫലത്തിലെ ആദ്യത്തിലുള്ള വെബ്‌സൈറ്റുകളാണല്ലോ സ്വാഭാവികമായും ഉപഭോക്താവ് തുറന്നുനോക്കുക. ആദ്യ പേജില്‍ താഴെയുള്ളവ പോലും ഉപഭോക്താവ് എത്തിനോക്കുന്നത് വളരെ കുറഞ്ഞ സാഹചര്യങ്ങളില്‍ മാത്രമാണ്‌

എസ്.ഇ.ഒ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

പേജ് കണ്ടന്റ്: ഉള്ളടക്കത്തെ പറ്റി കഴിഞ്ഞ ലക്കത്തില്‍ വിശദമായി പറഞ്ഞുകഴിഞ്ഞു. നിങ്ങളുടെ ഓഡിയന്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ നിങ്ങള്‍ മുന്നിലുണ്ടാവുമെന്ന് ചുരുക്കം.

കീവേര്‍ഡ്: ഉള്ളടക്കത്തിനും വെബ്‌സൈറ്റിനും പ്രൊഡക്ടിനും യോജിച്ച കീവേര്‍ഡ് കണ്ടെത്തുകയാണ് മറ്റൊരു പടി. ഇതേപ്പറ്റി കൂടുതല്‍ വിശദീകരിക്കാം.

ലിങ്ക്: കണ്ടന്റില്‍ അനുയോജ്യമായതും ഉപയോഗപ്രദമായതുമായ ലിങ്കുകള്‍ ഉള്‍ക്കൊള്ളിക്കണം.

ഇമേജ് ഒപ്റ്റിമൈസേഷന്‍: ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനും
ശ്രദ്ധിക്കാനേറെയുണ്ട്. വെബ്‌സൈറ്റിന്റെ സ്പീഡിനെ ചിത്രം ബാധിക്കാത്ത രീതിയില്‍ ക്രമീകരിക്കുന്നതാണ് ഇമേജ് ഒപറ്റിമൈസേഷന്‍.

മെറ്റാ ടാഗ്: നിങ്ങളുടെ വെബ്‌സൈറ്റില്‍ എന്ത് കണ്ടന്റാണ് ഉള്ളതെന്ന് സെര്‍ച്ച് എന്‍ജിന് കൂടി മനസിലാവണ്ടേ. അതിനാണ് മെറ്റാ ടാഗ്. പേജ് കോഡുകളിലാണ് മെറ്റാ ടാഗിന്റെ സ്ഥാനം.

സൈറ്റ് നാവിഗേഷന്‍: സെര്‍ച്ച് എന്‍ജിന് എളുപ്പത്തില്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ എത്താനാവും വിധത്തിലാവണം നാവിഗേഷന്‍. എല്ലാ ലിങ്കുകളും അപ് ടു ഡേറ്റ് ആണോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം.

സൈറ്റ് മാപ്പ്: നിങ്ങളുടെ വെബ്‌സൈറ്റ് കുറേയധികം കണ്ടന്റുകളും ലിങ്കുകളും ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ സൈറ്റ് മാപ്പ് ആവശ്യമായി വരും. ഇതുവഴിയാണ് ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ ഇഴഞ്ഞുനീങ്ങുക.

എന്താണ് കീവേഡ്?

എസ്.ഇഒയെപ്പറ്റി പറയുമ്പോള്‍ ആദ്യം വരുന്നതും സുപ്രധാനവുമാണ് കീവേഡ്. സെര്‍ച്ച് റാങ്കിംഗ് ഉയര്‍ത്തുന്നതിനു വേണ്ടി വളരെ ആസൂത്രിതമായി ഉപയോഗിക്കേണ്ട പ്രത്യേക വാക്കുകളാണ് കീവേഡ്. നിങ്ങളുടെ ഓഡിയന്‍സ് എന്ത് വാക്കുപയോഗിച്ചായിരിക്കും സെര്‍ച്ച് ചെയ്യുകയെന്ന നിഗമനത്തിലെത്തി കീവേഡ് പ്ലാന്‍ ചെയ്യണം. ഇതിനായി ഗൂഗിള്‍ കീവേഡ് പ്ലാനര്‍ പോലുള്ള ടൂളുകള്‍ ഉപയോഗിക്കാം.

നിങ്ങളൊരു ഫോണ്‍ വില്‍പ്പനക്കാരന്‍ ആണെങ്കില്‍ ഫോണ്‍ എന്ന പോലുള്ള സാധാരണ കീവേഡ് കൊണ്ട് കാര്യമില്ല. ലൊക്കേഷന്‍, സര്‍വീസ്, മോഡല്‍, കമ്പനി എന്നിങ്ങനെയുള്ളവ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ സ്‌പെസിഫിക് ആക്കണം. കീവേഡില്‍ നിങ്ങളുടെ ഭാഷാനൈപുണ്യമൊന്നും കാണിക്കരുത്. സാധാരണ ഭാഷയിലുള്ള വാക്കുകളും വാചകങ്ങളും മാത്രം മതി.

ഇതെല്ലാം ചെയ്തുകഴിഞ്ഞാല്‍ കീവേഡുകള്‍ നിങ്ങളുടേ പേജിലും തലക്കെട്ടുകളിലും ഉള്‍പ്പെടുത്തുക. മെറ്റാ ഡാറ്റയില്‍ കൂടി ഈ വാക്കുകള്‍ വരാന്‍ ശ്രദ്ധിക്കണം. ഇമേജ് നെയിമുകളിലും കീവേഡ് ഉള്‍പ്പെടുത്തുക.

ഇമേജ് ഒപ്റ്റിമേസേഷന്‍ എങ്ങനെ?

ആയിരം വാക്കുകളേക്കാള്‍ ശക്തി ഒരു ചിത്രത്തിനുണ്ടെന്നാണല്ലോ. വെബ്‌സൈറ്റില്‍ ചിത്രങ്ങള്‍എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്നതിനെപ്പറ്റി മുന്‍ലക്കങ്ങളില്‍ വിശദീകരിച്ചതാണ്. ഇനി നോക്കേണ്ടത്, ഈ ചിത്രങ്ങളെ എങ്ങനെ ഗൂഗിളുമായി ബന്ധിപ്പിക്കാമെന്നതാണ്.

നിങ്ങള്‍ തെരഞ്ഞെടുത്ത കീവേഡ് ഇമേജ് നെയിമുകളായി ചേര്‍ക്കുകയാണ് ആദ്യഘട്ടം. നിങ്ങളൊരു ഐഫോണ്‍ എക്‌സ് ആണ് വില്‍ക്കുന്നതെങ്കില്‍, അതിനു നല്‍കുന്ന ഇമേജിന്റെ പേര് ഐഫോണ്‍ എക്‌സ് എന്നായിരിക്കണം. എല്ലാം ചെറിയ അക്ഷരത്തിലാക്കാനും, വാക്കുകള്‍ വേര്‍തിരിക്കുന്നിടത്ത് ഹൈഫന്‍ കൊടുക്കാനും ശ്രദ്ധിക്കണം.

പേജിലെ ടെക്സ്റ്റ് നിങ്ങള്‍ നല്‍കുന്ന ഇമേജ് ഫയല്‍ പേരുമായി ചേര്‍ന്നുപോകുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സെര്‍ച്ച് രണ്ടിലും ഒരുപോലെ നോക്കിയാണ് ഏത് റിസള്‍ട്ട് ഉപഭോക്താവിന് മുന്നിലെത്തിക്കണമെന്ന് തീരുമാനിക്കുന്നത്.

പേജിന്റെ ലോഡിംഗ് സ്പീഡ് റാങ്കിംഗിനെ ബാധിക്കും. നിങ്ങളുടെ ഉപഭോക്താവിന് ഇഷ്ടമല്ലാത്ത പേജ് ഗൂഗിളിനും ഇഷ്ടപ്പെടില്ല. പേജ് സ്പീഡിനെ ബാധിക്കാതെ വേണം ചിത്രങ്ങള്‍ നല്‍കാന്‍.
വെബ്‌സൈറ്റുകള്‍ ചാകരക്കണക്കിന് ഉള്ള ഈ കാലത്ത് എസ്.ഇ.ഒ അത്ര എളുപ്പമുള്ള കാര്യമല്ല. എസ്.ഇ.ഒ റിസര്‍ച്ചിനു വേണ്ടി മാത്രം ഇപ്പോള്‍ പ്രത്യേകം ടീമിനെ തന്നെ നിയമിക്കുന്ന പ്രവണതയാണ് കാണുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാതെ എസ്.ഇ.ഒ സാധ്യമല്ല. ഈ രംഗത്ത് വലിയ ജോലി സാധ്യത തന്നെയാണ് വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ പോകുന്നത്. എസ്.ഇ.ഒയുടെ മറ്റു സാധ്യതകളെയും വശങ്ങളെയും പറ്റി അടുത്ത ലക്കത്തില്‍.

കൂടുതൽ വായിക്കാം

വെബ്‌സൈറ്റില്‍ വില്‍പ്പന എങ്ങനെ?-
ഭാഗം-6

ഉള്ളടക്കം കൊതിപ്പിക്കുന്നതാവട്ടെ!-
ഭാഗം-5

വെബ്‌സൈറ്റ് നിര്‍മാണം ഏല്‍പ്പിക്കുന്നതിനു മുന്‍പ്-
ഭാഗം-4

മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്-ഭാഗം-3

ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം- ഭാഗം- 2

എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം?-ഭാഗം-1

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it