Begin typing your search above and press return to search.
എന്‍എഫ്ടിയിലേക്ക് ചുവടുവെച്ച് പേളി മാണിയും: ആദ്യ ചിത്രത്തിന് വന്‍ ഡിമാന്റ്
എന്‍എഫ്ടി (നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) ലേലവുമായി നടിയും യൂട്യൂബറുമായ പേളി മാണി (Pearle Maaney). 'നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന' സ്വന്തം ചിത്രമാണ് എന്‍എഫ്ടിയാക്കി പേളി മാണി ലേലത്തിനു വെച്ചിരിക്കുന്നത്. OpenSea എന്ന പ്ലാറ്റ്‌ഫോമില്‍ ലേലത്തിനു വെച്ച ചിത്രത്തിന് ഇതുവരെയായി 0.25 എഥറിയം (784.97 യു.എസ് ഡോളര്‍- ഏകദേശം അരലക്ഷത്തില്‍ അധികം രൂപ) വിലയായിട്ടുണ്ട്. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലേലം അവസാനിക്കും.
ആദ്യ ചിത്രത്തിനു തന്നെ വന്‍ സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കലാകാരന്മാര്‍ക്ക് എന്‍എഫ്ടി സാധ്യതകളുടെ ലോകമാണ് തുറന്നിരിക്കുന്നതെന്നും പേളി മാണി 'ധന'ത്തോട് പ്രതികരിച്ചു.
നടി റിമ കല്ലിങ്കലാണ് മലയാളി സിനിമാ രംഗത്തു നിന്ന് ആദ്യമായി എന്‍എഫ്ടി ലേലത്തില്‍ വെച്ചത്. റിമയ്ക്ക് ഒറ്റ ഡിജിറ്റല്‍ ആര്‍ട്ട് വില്‍പ്പനയിലൂടെ 7.7 ലക്ഷം രൂപ ലഭിച്ചിരുന്നു.
എന്താണ് എന്‍എഫ്ടി?
നോണ്‍- ഫഞ്ചിബിള്‍ ടോക്കണ്‍ (NFT) എന്ന് പൂര്‍ണരൂപം. നോണ്‍- ഫഞ്ചിബിള്‍ എന്നാല്‍ സവിശേഷവും അതിനോട് മറ്റൊന്നിന് പകരംവെക്കാന്‍ പറ്റാത്തതും എന്നര്‍ത്ഥം. ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ. സ്വാഭാവികമായും അതിന് ഡിമാന്‍ഡ് കൂടുമല്ലോ. ക്രിപ്റ്റോകറന്‍സികളെന്ന പോലെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാചിത്രങ്ങള്‍, ചലനചിത്രങ്ങള്‍, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം.
സാങ്കേതികമായി പറഞ്ഞാല്‍, വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡിജിറ്റല്‍ ലഡ്ജറില്‍ ഡാറ്റ പരിപാലിക്കുന്നതിനെയാണ് എന്‍എഫ്ടി ടെക്നോളജി എന്ന് പറയുന്നത്. ഇവയിലെ ഓരോ യൂണിറ്റ് ഡാറ്റയും ഓരോ എന്‍എഫ്ടിയായിരിക്കും. ഇങ്ങനെ സൃഷ്ടിക്കുന്ന എന്‍എഫ്ടികളെ Axie Infinity, Decentraland, Foundation, Mintable, OpenSea തുടങ്ങി വിവിധ എക്സ്ചേഞ്ചുകളിലൂടെ വില്‍പ്പനക്ക് വെക്കുവാന്‍ കഴിയും. ഓരോ എന്‍എഫ്ടിയുടെയും അടിസ്ഥാനവില നിര്‍ണ്ണയിക്കുന്നത് അവയുടെ നിര്‍മ്മാതാവായിരിക്കും. വില്‍ക്കാനാണെങ്കിലും വാങ്ങാനാണെങ്കിലും ഈ എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതിന് നിശ്ചിത ഫീസും ഉണ്ട്. എഥറിയം, ടെസോസ്, വസീര്‍ എക്സ് ടോക്കണ്‍, സോലാന മുതലായ ക്രിപ്റ്റോകറന്‍സികളാണ് നിലവില്‍ വിപണികളിലെ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതില്‍ ചിലത്.
വില്‍പ്പന എങ്ങനെ?
നമ്മുടെ നാട്ടിലെ ആര്‍ട്ട് ഗാലറികളില്‍ വമ്പന്‍ വില്‍പ്പനകള്‍ നടന്നുപോകുന്നതു പോലെയാണ് ഡിജിറ്റല്‍ ലോകത്തെ എന്‍എഫ്ടി വില്‍പ്പനയും. ഡിജിറ്റല്‍ ആവുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായി ചില നടപടിക്രമങ്ങള്‍ ഉണ്ടാവുമല്ലോ. എക്സ്ചേഞ്ചുകളാണ് ഇവിടെ മാര്‍ക്കറ്റ്പ്ലേസ്. ക്രിപ്റ്റോകറന്‍സിയിലാണ് ഇടപാട് നടക്കുന്നതെന്നതിനാല്‍ ക്രിപ്റ്റോ വോലറ്റുകള്‍ ആവശ്യമാണ്. ഈ വോലറ്റ് എന്‍എഫ്ടി എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കണം.
മിന്റിംഗ് എന്ന പ്രക്രിയയിലൂടെയാണ് വില്‍ക്കാനുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വിലയും ഒപ്പം രേഖപ്പെടുത്താം.
എന്‍എഫ്ടി എന്ന നിക്ഷേപ സാധ്യത
വില്‍ക്കുന്നവര്‍ മാത്രം പോരല്ലോ. വാങ്ങാനും ആളുകള്‍ വേണ്ടേ? ഇവരെ പൊതുവെ 'കളക്ടേഴ്‌സ്' എന്നാണ് വിളിക്കുന്നത്. ഒരു ആര്‍ട്ട് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്താല്‍, ലേലം വിളിച്ച് വാങ്ങുകയാണ് വേണ്ടത്. സ്വാഭാവികമായും കൂടുതല്‍ മുടക്കുന്നവര്‍ക്ക് സ്വന്തമാക്കാം. ഇനി കളക്ടര്‍ക്കാണ് അതിന്റെ ഉടമസ്ഥാവകാശം. വില്‍ക്കുകയോ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുകയോ ആവാം. ക്രിപ്റ്റോകറന്‍സി പോലെ, എന്‍.എഫ്.ടി ഉല്‍പ്പന്നങ്ങള്‍ക്കും ഭാവിയില്‍ മൂല്യവര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാങ്ങുന്നവരില്‍ (കളക്ടേഴ്‌സ്്) അധികവും. ഭാവിയില്‍ വലിയ വിലയ്ക്ക് വിറ്റ് കാശുണ്ടാക്കാമല്ലോ. കലാപരമായ മൂല്യത്തോടുള്ള ഇഷ്ടം കൊണ്ട് വാങ്ങുന്നവരും ഉണ്ട്.
ജനസമ്മിതി നേടിയ ബ്രാന്‍ഡുകളുടെയും കലാകാരന്മാരുടെയും എന്‍എഫ്ടികള്‍ ശേഖരിക്കുക വഴി ഒരു പുതിയ നിക്ഷേപ മാര്‍ഗ്ഗത്തിന്റെ ചുരുള്‍ കൂടി ഈ സാങ്കേതികവിദ്യ തുറന്നുകാട്ടുന്നു. പരമ്പരാഗത കലാസൃഷ്ടി വില്‍പ്പന നടന്നുകഴിഞ്ഞാല്‍ പിന്നീടുള്ള വില്‍പ്പനകള്‍ക്ക് ആര്‍ട്ടിസ്റ്റിന് നേട്ടമൊന്നും ലഭിക്കാറില്ല. എന്നാല്‍ തുടര്‍ന്നുള്ള ഓരോ വില്‍പ്പനയ്ക്കും നിശ്ചിതശതമാനം റോയല്‍റ്റി എന്‍എഫ്ടി ആര്‍ടിസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കും.
ആര്‍ട്ട് വില്‍പ്പന മാത്രമോ?
ഇന്ന് പല ജനപ്രിയ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും എന്‍എഫ്ടി എന്ന സാങ്കേതിക ലോകത്തിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞു. അഡിഡാസ്, നൈക്കി, വിസ, കൊകൊ-കോള എന്നീ കമ്പനികള്‍ ചില സമീപകാല ഉദാഹരണങ്ങളാണ്. എന്‍എഫ്ടിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യത്തില്‍ ക്രിയാത്മകമായി ഇടപെട്ടുവരികയാണെന്ന് ഇന്‍സ്റ്റഗ്രാം സി.ഇ.ഒ ആഡം മൊസേരിയും വ്യക്തമാക്കിക്കഴിഞ്ഞു. എന്‍എഫ്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ട് ലേലം ചെയ്തെടുക്കാമെന്ന തലത്തില്‍ കൂടി മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനമുണ്ട്. എന്‍എഫ്ടിയുടെ റീച്ച് അതിഗംഭീരമാണെന്നും ഇതാണ് ഭാവിയെന്നാണ് തനിക്ക് തോന്നുന്നതെന്നുമാണ് ആദ്യ വില്‍പ്പനയ്ക്കു ശേഷം റിമ കല്ലിങ്കല്‍ പ്രതികരിച്ചത്.
തട്ടിപ്പില്‍ ജാഗ്രതൈ!
ഏതൊരു സംവിധാനവും പോലെ, എന്‍എഫ്ടിക്കും അതിന്റേതായ ദോഷവശങ്ങളുണ്ട്. വ്യാജ, തട്ടിപ്പ് പരാതികള്‍ നിരവധി ഉയര്‍ന്നുകഴിഞ്ഞുവെന്നതാണ് ഒന്ന്. ഫീസും കമ്മിഷനും വലിയതോതില്‍ വ്യത്യാസപ്പെട്ടാണ് ഈടാക്കുന്നത്. ഇടപാടുകള്‍ക്കും എക്സ്ചേഞ്ചുകള്‍ക്കും വേണ്ട നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത് വലിയ തോതില്‍ വൈദ്യുതി നഷ്ടത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാവുകയും പരിസ്ഥിതിക്ക് വലിയ ദോഷമായി ബാധിക്കുകയും ചെയ്യും. ഈ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നവര്‍ തീര്‍ച്ചയായും തുറന്ന കണ്ണോടെ വേണം ചെയ്യാന്‍. എല്ലായിപ്പോഴും പുതിയ വിവരങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കുകയും സൂക്ഷ്മമായി സ്വന്തം നിലയ്ക്ക് കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും വേണം. പണം വെച്ചുള്ള കളിയായതിനാല്‍ ഇടപാടുകളില്‍ ശ്രദ്ധയുണ്ടാവണം.
Next Story
Videos