Begin typing your search above and press return to search.
ട്വിറ്റര്‍ മസ്‌കിന് കൈമാറണോ? ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് ഓഗസ്‌റ്റോടെ
ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന് (Elon Musk) കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് ഓഗസ്‌റ്റോടെ നടക്കും. 44 ബില്യണ്‍ ഡോളര്‍ വില്‍പ്പനയില്‍ ഓഹരി ഉടമകളുടെ വോട്ട് ഓഗസ്റ്റ് ആദ്യത്തോടെ ഉണ്ടാകുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കുന്നതില്‍നിന്ന് കമ്പനി പരാജയപ്പെട്ടാല്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്മാറുമെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ട്വിറ്ററിന് (Twitter) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഴ്ചകളുടെ നാടകീയതകള്‍ക്കൊടുവിലാണ് ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏപ്രില്‍ 14ന് ഓഹരി ഒന്നിന് 54.20 യുഎസ് ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാം എന്നാണ് മസ്‌ക് അറിയിച്ചത്. ആദ്യം മസ്‌കിന്റെ ഓഫറിനെ എതിര്‍ത്ത ട്വിറ്റര്‍ ബോര്‍ഡ്, പിന്നീട് വഴങ്ങുകയായിരുന്നു. പ്ലാറ്റ്ഫോം മസ്‌കിന് കൈമാറാനുള്ള തീരുമാനം ബോര്‍ഡ് ഏകകണ്ഡമായി എടുത്തതാണെന്നും 2022ല്‍ തന്നെ ഇടപാട് പൂര്‍ത്തിയാവുമെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
ഇടപാട് പ്രകാരം ട്വിറ്ററിലെ നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 54.20 യുഎസ് ഡോളര്‍ പണമായി ലഭിക്കും. 2022 ഏപ്രില്‍ ഒന്നിലെ ട്വിറ്ററിന്റെ ക്ലോസിംഗ് ഓഹരി വിലയേക്കാള്‍ 38% അധികം വിലയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ട്വിറ്ററിലെ നിക്ഷേപത്തെക്കുറിച്ചുള്ള മസ്‌കിന്റെ വെളിപ്പെടുത്തലിന് മുമ്പുള്ള അവസാന വ്യാപാര ദിനമായിരുന്നു ഏപ്രില്‍ ഒന്ന്.
2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച ട്വിറ്ററിന് 217 മില്യണ്‍ പ്രതിദിന ഉപഭോക്താക്കളാണ് ഉള്ളത്. ഏകദേശം 40 ബില്യണ്‍ യുഎസ് ഡോളറോളമാണ് കമ്പനിയുടെ വിപണി മൂല്യം. 2021 നവംബര്‍ മുതല്‍ ഇന്ത്യക്കാരാനായ പരാഗ് അഗര്‍വാള്‍ ആണ് ട്വിറ്ററിന്റെ സിഇഒ.
Next Story
Videos