പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗൂഗിള്‍: ലോക്ഡൗണ്‍ സമയത്ത് ഇന്ത്യ ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെ?

ഇത്രയും കാലം വീടിന്റെ പുറത്തിറങ്ങാതെയിരുന്ന ഇന്ത്യന്‍ ജനത എന്തൊക്കെയായിരിക്കും ഗൂഗിളില്‍ സര്‍ച്ച് ചെയ്തിട്ടുണ്ടാവുക? ഗൂഗിള്‍ ഏറ്റവും പുതിയ What is India search for: Insights for Brands Report' എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പ്രയോജനപ്രദമായ രീതിയില്‍ തങ്ങളുടെ ലോക്ഡൗണ്‍ സമയം ചെലവഴിച്ചു എന്നാണ് ഈ ഗൂഗിള്‍ സെര്‍ച്ചുകളില്‍ നിന്ന് മനസിലാകുന്നത്.

ഇന്ത്യക്കാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞത് ഇവയൊക്കെയാണ്:

വീടിന് അടുത്തുള്ളത്

മാളുകള്‍ അടയ്ക്കുകയും ഓണ്‍ലൈന്‍ ഡെലിവറി ഓപ്ഷനുകള്‍ കുറയുകയും ചെയ്തതോടെ തങ്ങളുടെ വീടിന് അടുത്തുള്ള പലചരക്കുകടകളും മെഡിക്കല്‍ ഷോപ്പുകളുമൊക്കെ ആളുകള്‍ കൂടുതലായി തെരഞ്ഞു. 2020 മാര്‍ച്ചില്‍ Near me സെര്‍ച്ച് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

$ വീടിന് അടുത്തുള്ള മെഡിക്കല്‍ ഷോപ്പ് തെരഞ്ഞവരുടെ എണ്ണത്തില്‍ 58 ശതമാനം വര്‍ദ്ധനയാണുണ്ടായത്.
$ വീടിന് അടുത്തുള്ള പലചരക്കുകള്‍ തെരഞ്ഞവരുടെ എണ്ണം 550 ശതമാനമാണ് കൂടിയത്!
$ റേഷന്‍ കട എവിടെയാണ് അടുത്തുള്ളത് എന്ന് തെരഞ്ഞവരുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ദ്ധനയുണ്ടായി.
$ അടുത്തുള്ള വെറ്റിനറി ഡോക്ടര്‍മാരെ തെരഞ്ഞവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായി.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി

ലോക്ഡൗണ്‍ സമയം ഫലപ്രദമായി ഇന്ത്യക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ സ്‌കില്ലുകള്‍ പഠിക്കാന്‍ തുടങ്ങി.

$ 'ലേണ്‍ ഓണ്‍ലൈന്‍' എന്ന വാക്ക് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ 85 ശതമാനം വര്‍ദ്ധനയുണ്ടായി. 'ടീച്ച് ഓണ്‍ലൈന്‍' എന്ന സെര്‍ച്ച് 148 ശതമാനം വളര്‍ന്നു. 'At home learning' എന്ന സേര്‍ച്ച് 78 ശതമാനം കൂടി.
$ വീട്ടിലിരുന്നുള്ള വ്യായാമം, 5 മിനിറ്റുള്ള പാചകക്കുറിപ്പുകള്‍.. എന്നിവയുടെ സെര്‍ച്ചില്‍ യഥാക്രമം 93 ശതമാനം, 56 ശതമാനം വര്‍ദ്ധനയുണ്ടായി.
$ മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ് എന്നിവയെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ മൂന്ന് മടങ്ങ് കൂടി.

ഏറ്റവും മികച്ചത് വേണം

എന്തിലും 'ബെസ്റ്റ്' വേണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണവും കൂടി. അതായത് ബെസ്റ്റ് എന്ന പദവും കൂട്ടി കൂട്ടി സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. ബെസ്റ്റ് മൂവീസ് തെരഞ്ഞെവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടായത്. ബെസ്റ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ തെരയുന്നവരുടെ എണ്ണം 45 ശതമാനം കൂടി.

'How to' സേര്‍ച്ചുകള്‍ കൂടി

സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികളെ വീട്ടിലിരുത്തി എങ്ങനെ പഠിപ്പിക്കാം എന്ന മാതാപിതാക്കളുടെ ആശങ്ക സെര്‍ച്ചില്‍ പ്രകടമായി. എങ്ങനെ കുട്ടികള്‍ക്ക് ഹോംസ്‌കൂളിംഗ് നടത്താം, എങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന സേര്‍ച്ചുകള്‍ പലമടങ്ങ് കൂടി.

ആരോഗ്യകാര്യങ്ങള്‍ക്ക് അതീവപ്രാധാന്യം

എങ്ങനെ പ്രതിരോധശേഷി കൂട്ടാം എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യക്കാര്‍ കൂടുതലായി സെര്‍ച്ച് ചെയ്തു. ഇമ്യൂണിറ്റി എന്ന വാക്ക് തെരഞ്ഞവരുടെ എണ്ണത്തില്‍ 500 ശതമാനം വര്‍ദ്ധനയുണ്ടായി. വിറ്റമിന്‍ സിയെക്കുറിച്ച് തെരഞ്ഞവരുടെ എണ്ണം 150 ശതമാനം കൂടി. ഗിലോയ് അഥവാ ചിറ്റമൃതിന്റെ ഗുണങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ 380 ശതമാനം വര്‍ദ്ധനയുണ്ടായി.

ഇന്ത്യ കൂടുതല്‍ ഡിജിറ്റലാകുന്നു

എല്ലാക്കാര്യങ്ങളും എങ്ങനെ ഡിജിറ്റലാക്കാം എന്ന വിഷയത്തില്‍ സെര്‍ച്ചുകള്‍ വളരെക്കൂടി.

$ എങ്ങനെ ഇലക്ട്രിസിറ്റി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാം എന്ന സെര്‍ച്ച് 180 ശതമാനം കൂടി.
$ ഡോക്ടറെ ഓണ്‍ലൈനില്‍ കണ്‍സള്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള സെര്‍ച്ച് 60 ശതമാനം കൂടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it