വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ഇനി, നിങ്ങളുടെ അനുമതി വേണം

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോലുമില്ലാത്തവര്‍ പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി നിങ്ങളെ ചേര്‍ക്കുകയും ആവശ്യമില്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ പോസ്റ്റുകള്‍ തുരുതുരാ ഫോണിലേക്ക് അയക്കുകയും ചെയ്യുന്നതു കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ നിങ്ങള്‍? ഇതാ പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.

ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാനാകും ഏതൊക്കെ ഗ്രൂപ്പുകളില്‍ അംഗങ്ങളായിരിക്കണമെന്ന്. ഗ്രൂപ്പില്‍ ചേര്‍ന്നതിനു ശേഷം ലെഫ്റ്റ് അടിച്ച് പോകേണ്ടതില്ല, പകരം നിങ്ങളുടെ അനുവാദമുണ്ടെങ്കിലേ ആര്‍ക്കും ഇനി നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാകൂ.

പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും ജനകീയമായ മെസെഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് അപ്പ് മെസെഞ്ചര്‍. എന്നാല്‍ ഇന്നു തന്നെ എല്ലാ ഫോണിലും ഈ ഫീച്ചര്‍ ലഭിച്ചെന്നു വരില്ല. ഘട്ടംഘട്ടമായാണ് ഇതു നടപ്പിലാക്കുക.
സെറ്റിംഗ്‌സില്‍ എക്കൗണ്ട് എന്ന മെനു തുറക്കുക. അതില്‍ പ്രൈവസി എന്നത് സെലക്റ്റ് ചെയ്താല്‍ ഗ്രൂപ്പ്‌സ് എന്ന മെനു കാണാം. അതില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

നോബഡി, മൈ കോണ്‍ടാക്റ്റ്‌സ്, എവരിവണ്‍. നോ ബഡി എന്ന ഓപ്ഷന്‍ തെരെഞ്ഞടുത്താല്‍ ഓരോ തവണ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനു മുമ്പും നിങ്ങളുടെ അനുമതി ആവശ്യപ്പെടും. മൈ കോണ്‍ടാക്റ്റ്‌സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്റ്റിലെ ആര്‍ക്കും നിങ്ങളുടെ അനുമതിയില്ലാതെ തന്നെ ഗ്രൂപ്പില്‍ ആഡ് ചെയ്യാനാവും. എന്നാല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിനു പുറത്തുള്ളവര്‍ക്ക് നിങ്ങളെ ആഡ് ചെയ്യാന്‍ അനുമതി ആവശ്യമാണ്. എവരിവണ്‍ എന്ന ഓപ്ഷന്‍ പ്രകാരം മുമ്പെന്ന പോലെ ആര്‍ക്കും നിങ്ങളെ ഏതു ഗ്രൂപ്പിലും ആഡ് ചെയ്യാനാവും. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം ലോകത്തെ 150 കോടി പേര്‍ നിരന്തരമായി വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു.

ലോകത്തിന്റെ പല കോണുകളില്‍ നിന്നായി തെറ്റായ വാര്‍ത്തകളും വിവരങ്ങളും ഷെയര്‍ ചെയ്യപ്പെടുന്നതിനെതിരെ ഉയര്‍ന്ന വ്യാപകമായ പരാതികള്‍ക്ക് പരിഹാരമെന്നോണമാണ് വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ഇന്ത്യയിലും ഫേക്ക് ന്യൂസ് വ്യാപകമാകുന്നത് തടയാനായി സോഷ്യല്‍ മീഡിയകളോട് നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it