ജര്‍മ്മനിയിലേക്ക് പഠിക്കാന്‍ പോകുന്നവര്‍ക്ക് ശുഭവാര്‍ത്ത; പാര്‍ട്ട്‌ടൈം തൊഴില്‍സമയം ഇരട്ടിയാക്കി!!

സമീപകാലത്ത് പഠനത്തിനും ജോലിക്കുമായി നിരവധി മലയാളികള്‍ ജര്‍മ്മനിയിലേക്ക് വിമാനം കയറിയിട്ടുണ്ട്. നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജര്‍മ്മനിക്ക് ധാരാളം ജോലിക്കാരെ ആവശ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ യു.കെയും ഓസ്‌ട്രേലിയയും പോലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്ന രാജ്യങ്ങള്‍ വിട്ട് കൂടുതല്‍ പേരും ജര്‍മ്മനിയാണ് പുതിയ ലക്ഷ്യമായി കാണുന്നത്.
കേരളത്തില്‍ നിന്നുള്ളവരില്‍ കൂടുതല്‍പേരും ജര്‍മ്മനിയിലേക്ക് വിമാനം കയറുന്നത് പഠനത്തിനായിട്ടാണ്. വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിനൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്ത് വരുമാനം കണ്ടെത്താനും സാധിക്കുന്നു. ഇപ്പോഴിതാ വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് സന്തോഷം പകരുന്നൊരു വാര്‍ത്തയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കും. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പുതിയ നടപടി ഗുണം ചെയ്യും. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍ വന്നുകഴിഞ്ഞു. നേരത്തെ ആഴ്ച്ചയില്‍ 10 മണിക്കൂറായിരുന്നു ജോലി ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതാണ് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുന്നത്.
സ്‌കില്‍ഡ് എമിഗ്രേഷന്‍ ആക്ടില്‍ വിദേശികള്‍ക്ക് ആശ്വാസം പകരുന്ന മാറ്റങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി സ്‌പെഷ്യലിസ്റ്റ്, നേഴ്‌സിംഗ് അനുബന്ധ ജോലിക്കാര്‍, ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ എന്നിവര്‍ക്ക് ജര്‍മ്മനിയിലെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയിട്ടുണ്ട്.
ജര്‍മ്മനിയില്‍ തൊഴിലവസരങ്ങള്‍ ഏറെ
ഇന്ത്യക്കാരെ സംബന്ധിച്ച് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള രാജ്യമാണ് ജര്‍മ്മനി. പല രംഗത്തും അവിടെ തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് നിലവില്‍ ഏറ്റവുമധികം അവസരങ്ങള്‍ ഉള്ളത്. കേരളത്തില്‍ നിന്ന് നേഴ്‌സിംഗ് പഠിക്കാനെത്തുവര്‍ക്ക് പഠനത്തോടൊപ്പം ആ മേഖലയില്‍ തന്നെ ജോലിയും ചെയ്യാന്‍ സാധിക്കും.
ജര്‍മ്മനിയില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ പലതും നികത്താന്‍ സാധിക്കുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് റിസര്‍ച്ചിന്റെ പഠനം പ്രകാരം മതിയായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2035 ഓടെ തൊഴില്‍ക്ഷാമം 7 ദശലക്ഷത്തിലെത്തും. ഈ ഗുരുതര സാഹചര്യമാണ് വിദേശ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയിലേക്ക് അവസരമൊരുക്കുന്നത്.
Related Articles
Next Story
Videos
Share it