Begin typing your search above and press return to search.
യു.എ.ഇയിലേക്ക് പോരൂ; ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് നിരവധി തൊഴിലവസരം
പ്രവാസി മലയാളികളുടെ പറുദീസയെന്ന വിശേഷണമുള്ള യു.എ.ഇയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് ഈ വര്‍ഷം തുറക്കുന്നത് 20,000ലധികം തൊഴിലവസരങ്ങള്‍. 2024ല്‍ 23,500 പുതിയ തൊഴിലവസരങ്ങള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് യു.എ.ഇയില്‍ സൃഷ്ടിക്കപ്പെടുമെന്നും മൊത്തം തൊഴിലുകള്‍ ഇതോടെ ഈ മേഖലയില്‍ 8.3 ലക്ഷം കടക്കുമെന്നും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (WTTC) പ്രസിഡന്റും സി.ഇ.ഒയും അഭിപ്രായപ്പെട്ടതായി ഖലീജ് ടൈംസ് വ്യക്തമാക്കി.
യു.എ.ഇയുടെ ജി.ഡി.പിയില്‍ ടൂറിസം മേഖലയുടെ സംഭാവന ഇക്കൊല്ലം 12 ശതമാനമായി ഉയരും. 23,600 കോടി ദിര്‍ഹമായിരിക്കും (ഏകദേശം 5.36 ലക്ഷം കോടി രൂപ) ടൂറിസം മേഖലയുടെ മൂല്യമെന്നും അവര്‍ പറഞ്ഞു.
പണം ചെലവിടുന്നത് കൂടും
വിദേശ വിനോദ സഞ്ചാരികള്‍ യു.എ.ഇയില്‍ ചെലവിടുന്ന തുക 10 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 19,200 കോടി ദിര്‍ഹമാകുമെന്ന് കരുതുന്നു. അതായത് ഏകദേശം 4.36 ലക്ഷം കോടി രൂപ. ആഭ്യന്തര നിക്ഷേപകരുടെ ചെലവ് 4.3 ശതമാനം ഉയര്‍ന്ന് 5,800 കോടി ദിര്‍ഹമാകുമെന്നും (1.31 ലക്ഷം കോടി രൂപ) വിലയിരുത്തുന്നു.
2034നകം ഏകദേശം ഒരുലക്ഷത്തോളം പുതിയ തൊഴിലുകള്‍ യു.എ.ഇയുടെ ടൂറിസം, ട്രാവല്‍ രംഗത്ത് സൃഷ്ടിക്കപ്പെടുമെന്ന വിലയിരുത്തലുകളുമുണ്ട്. 2024ഓടെ രാജ്യത്തെ ഓരോ 9 പേരില്‍ ഒരാള്‍ക്ക് വീതം ടൂറിസം രംഗത്ത് ജോലിയുണ്ടാകും.
2023ല്‍ യു.എ.ഇയുടെ ടൂറിസം മേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 41,000 പുതിയ തൊഴിലുകളായിരുന്നു. 2023ല്‍ മിഡില്‍ ഈസ്റ്റിലെ മൊത്തം ടൂറിസം മേഖല 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിലവില്‍ ഈ രംഗത്തെ മൊത്തം തൊഴില്‍ 77.5 ലക്ഷമാണ്. 2024ല്‍ ഇത് 83 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
Next Story
Videos