വില്‍ക്കാനുണ്ട്, 8 ലക്ഷം പുത്തന്‍ കാറുകള്‍! കെട്ടിക്കിടക്കുന്നത് റോഡില്‍ ഇറക്കാത്ത ₹79,000 കോടിയുടെ കാറുകള്‍; ഇതാദ്യം
വില്‍പ്പനയ്ക്ക് വേണ്ടി വാഹനം ശരാശരി 80-85 ദിവസം വരെയാണ് ഷോറൂമിലോ വെയര്‍ഹൗസിലോ സൂക്ഷിക്കേണ്ടി വരുന്നത്
ഇന്ത്യന്‍ വാഹന വിപണിയെ ബാധിച്ച മാന്ദ്യം നീങ്ങുന്നില്ല. രാജ്യത്തെ ഷോറൂമുകളില്‍ വാങ്ങാനാളില്ലാതെ 79,000 കോടി രൂപ വിലമതിക്കുന്ന 8 ലക്ഷത്തോളം കാറുകള്‍ കെട്ടിക്കിടക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകള്‍. വില്‍പ്പനയ്ക്ക് വേണ്ടി വാഹനം ശരാശരി 80-85 ദിവസം വരെയാണ് ഷോറൂമിലോ വെയര്‍ഹൗസിലോ സൂക്ഷിക്കേണ്ടി വരുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ കാര്‍ ഡീലര്‍മാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഫാഡയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇക്കൊല്ലം മേയ് മുതലാണ് ഡീലര്‍മാരുടെ പക്കലുള്ള കാറുകളുടെ സ്റ്റോക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. സാധാരണയേക്കാള്‍ കുറഞ്ഞ വില്‍പ്പനയുണ്ടായിട്ടും വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറക്കാത്തതും ഷോറൂമുകളിലേക്ക് കൂടുതലായി സ്‌റ്റോക്ക് എത്തിച്ചതുമാണ് ഇതിന് കാരണം. ഉത്സവ സീസണുകളില്‍ കൂടുതല്‍ വില്‍പനയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഡീലര്‍മാര്‍ അധിക സ്റ്റോക്ക് സൂക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ സെപ്റ്റംബറിലെ വില്‍പ്പന 18.81 ശതമാനം കുറഞ്ഞതായാണ് ഫാഡയുടെ കണക്ക്. പൊതുതിരഞ്ഞെടുപ്പ്, പ്രതികൂല കാലാവസ്ഥ, ഉയര്‍ന്ന വില തുടങ്ങിയ കാരണങ്ങളും വില്‍പ്പന കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
10-25 ലക്ഷം രൂപ വിലയുള്ള കാറുകള്‍ക്ക് ആളില്ല
കൊവിഡ് മഹാമാരിക്ക് ശേഷം 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് പതിയെ കുറഞ്ഞു. പ്രീമിയം സെഗ്‌മെന്റിലുള്ള കാറുകള്‍ക്ക് മാത്രമാണ് നിലവില്‍ വില്‍പ്പന കൂടുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന രണ്ട് വര്‍ഷമായി കുറഞ്ഞിരിക്കുകയാണ്. ഇതും വാഹന വിപണിയെ സാരമായി ബാധിച്ചു. അതേസമയം, പുതുതായി നിരത്തിലെത്തിയ മഹീന്ദ്ര ഥാര്‍ റോക്‌സ്, മാരുതി ഫ്രോന്‍ക്‌സ്, ടാറ്റ കര്‍വ്, ഹ്യൂണ്ടായ് അല്‍കാസര്‍, മാരുതി സുസുക്കി എര്‍ടിഗ പോലുള്ള മോഡലുകള്‍ ഷോറൂമുകളില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇവ നല്ല രീതിയില്‍ വിറ്റുപോകുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് പഴയ മോഡലുകളിലെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒക്ടോബറിലും നവംബറിലും ഹിറ്റടിക്കുമോ
നിരവധി ഡിസ്‌കൗണ്ടുകള്‍ നല്‍കിയതും ഉത്സവ സീസണിലെ ട്രെന്‍ഡും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വാഹന വിപണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ പുതിയ മോഡലുകള്‍ എത്തിയതും പ്രതീക്ഷയാണ്. ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ കമ്പനികള്‍ നവംബര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തുവിടും.