ഫെസ്റ്റിവല്‍ തിളക്കത്തില്‍ വാഹന വിപണി, മാസങ്ങള്‍ക്ക് ശേഷം വില്‍പന കൂടി! ട്രെന്‍ഡ് മാറ്റത്തിനു പിന്നില്‍ വിലക്കുറവോ?
അതേസമയം, ടാറ്റ മോട്ടോര്‍സിന്റെ വില്‍പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് വാഹന വിപണിയില്‍ അമ്പരപ്പുണ്ടാക്കി
എസ്.യു.വികളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ത്യന്‍ വാഹനിര്‍മാതാക്കള്‍ക്ക് ദീപാവലി ബമ്പര്‍. മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറിലെ വില്‍പനയില്‍ ഒട്ടുമിക്ക വാഹന കമ്പനികളും വളര്‍ച്ച രേഖപ്പെടുത്തി. മൊത്തവില്‍പ്പനയില്‍ (ഹോള്‍സെയില്‍) പാസഞ്ചര്‍ വെഹിക്കിള്‍ ശ്രേണി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.8 ശതമാനം വളര്‍ന്നു. ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് കുറക്കാന്‍ ഉത്പാദനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടും കഴിഞ്ഞ മാസം 4,01,447 യൂണിറ്റ് യാത്രാ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. അതേസമയം, ടാറ്റ മോട്ടോര്‍സിന്റെ വില്‍പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് വാഹന വിപണിയില്‍ അമ്പരപ്പുണ്ടാക്കി.
വിപണിയിലെ വമ്പന്‍ മാരുതി തന്നെ
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കിയാണ് ഒക്ടോബറിലെ വില്‍പനയില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പനയില്‍ 22.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മാരുതി 2,02,402 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. 24,237 യൂണിറ്റുകള്‍ വിറ്റ ബ്രെസയാണ് മാരുതിയുടെ വില്‍പനയില്‍ ഒന്നാമത്. പുതിയ മോഡല്‍ സ്വിഫ്റ്റ് 22,303 യൂണിറ്റുകളും വാഗണ്‍ആര്‍ 21,114 യൂണിറ്റുകളും എര്‍ട്ടിഗ 19,442 യൂണിറ്റുകളും വിറ്റു. എന്നാല്‍ ഒരു കാലത്ത് മാരുതിയുടെ ടോപ് ലിസ്റ്റിലുണ്ടായിരുന്ന ആള്‍ട്ടോ, എസ്പ്രസോ തുടങ്ങിയ ചെറുകാറുകളുടെ വില്‍പന കഴിഞ്ഞ മാസവും പതിഞ്ഞ താളത്തിലാണ്.
ഥാര്‍ റോക്‌സില്‍ പിടിച്ച് മഹീന്ദ്ര
ഉത്സവ സീസണിന്റെ ചുവട് പിടിച്ച് ഹ്യൂണ്ടായ് മോട്ടോര്‍സും മഹീന്ദ്രയും മാരുതിയും എസ്.യു.വി വില്‍പ്പനയിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
എസ്.യു.വികളുടെ വലിയ നിരയുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒക്ടോബറില്‍ 54,504 യൂണിറ്റുകളാണ് റോഡിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനമാണ് ഒക്ടോബറില്‍ മഹീന്ദ്രയുടെ വളര്‍ച്ച. അടുത്തിടെ വിപണിയിലെത്തിച്ച ഥാര്‍ റോക്‌സിന്റെ പ്രകടനം കമ്പനിയുടെ ആകെ വില്‍പനയിലും പ്രതിഫലിച്ചു. ബുക്കിംഗ് തുടങ്ങിയ ആദ്യ മണിക്കൂറില്‍ 1,70,000 ബുക്കിംഗുകളാണ് ഥാര്‍ റോക്‌സിന് ലഭിച്ചതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വിജയ് നക്‌റ പ്രതികരിച്ചു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കൂടി കണക്കിലെടുത്താല്‍ മഹീന്ദ്രയുടെ ഫാക്ടറികളില്‍ നിന്നും ആകെ 96,448 വാഹനങ്ങളാണ് നിരത്തിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതാനം വര്‍ധന.
ഐ.പി.ഒ മാസത്തില്‍ അടിച്ചു കയറി ഹ്യൂണ്ടായ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പനക്കിറങ്ങിയ (ഐ.പി.ഒ) ഹ്യൂണ്ടായ് മോട്ടോര്‍സ് ചില്ലറ വില്‍പനയിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ 55,128 വാഹനങ്ങള്‍ പുറത്തിറക്കിയ കമ്പനി ഇത്തവണ 55,568 യൂണിറ്റുകള്‍ റോഡിലെത്തിച്ചു. ഹ്യൂണ്ടായ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എസ്.യു.വികള്‍ വില്‍പ്പന നടത്തിയ മാസവും ഒക്ടോബറാണ്. 37,902 യൂണിറ്റ് എസ്.യു.വികളാണ് കഴിഞ്ഞ മാസം റോഡിലിറങ്ങിയത്. 17,497 യൂണിറ്റുകള്‍ വിറ്റതോടെ ഏറ്റവും കൂടുതല്‍ ക്രെറ്റ നിരത്തിലെത്തിച്ച മാസമെന്ന പദവിയും ഒക്ടോബര്‍ സ്വന്തമാക്കി. കമ്പനിയുടെ ആകെ വില്‍പനയുടെ 68.2 ശതമാനവും എസ്.യു.വി ശ്രേണിയില്‍ നിന്നാണെന്നും ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ടൊയോട്ടക്കും മുന്നേറ്റം
രാജ്യത്തെ മറ്റൊരു പ്രമുഖ വാഹന നിര്‍മാതാവായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സിന്റെ ഒക്ടോബറിലെ വില്‍പന 41 ശതമാനം കൂടി. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും എസ്.യു.വി-എം.പി.വി വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ടൊയോട്ടക്ക് അനുകൂലമായത്. കഴിഞ്ഞ മാസം 30,485 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 21,789 യൂണിറ്റുകളായിരുന്നു ടൊയോട്ടക്ക് റോഡിലിറക്കാനായത്. ജനപ്രിയ മോഡലുകള്‍ക്ക് ഫെസ്റ്റിവല്‍ എഡിഷന്‍ ഇറക്കിയതും പ്രീ ഓര്‍ഡറുകള്‍ സ്വീകരിക്കാനായതും കൃത്യ സമയത്ത് ഡെലിവറി ഉറപ്പാക്കിയതും കമ്പനിക്ക് ഗുണകരമായെന്ന് ടൊയോട്ട വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യയും ഒക്ടോബറിലെ വില്‍പനയില്‍ മുന്നേറി. 7,045 യൂണിറ്റുകളാണ് എം.ജിയുടെ ലേബലില്‍ ഓടിത്തുടങ്ങിയത്.
ടാറ്റയുടെ വില്‍പന കുറഞ്ഞു
പ്രധാന കമ്പനികളെല്ലാം മികച്ച വില്‍പന നേടിയപ്പോള്‍ ടാറ്റ മോട്ടോര്‍സ് നേരിയ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം 82,954 യൂണിറ്റുകള്‍ വിറ്റ കമ്പനിക്ക് ഇത്തവണ 82,682 വാഹനങ്ങള്‍ മാത്രമാണ് നിരത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 48,637 യൂണിറ്റുകളാണ് ടാറ്റക്ക് വില്‍ക്കാനായത്. ഇക്കൊല്ലം ഇത് 48,423 യൂണിറ്റുകളായി കുറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലും കമ്പനി പുറകോട്ടാണ്. കഴിഞ്ഞ മാസം 34,259 വാണിജ്യ വാഹനങ്ങളാണ് ടാറ്റ നിരത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 34,317 യൂണിറ്റുകളായിരുന്നു. ടാറ്റയുടെ വില്‍പന കുറയാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.
ഉത്സവ സീസണില്‍ വില്‍പന കൂടിയതെങ്ങനെ?
കമ്പനികള്‍ മികച്ച ഓഫറുകള്‍ നല്‍കുന്ന ഉത്സവ സീസണില്‍ സാധാരണ വില്‍പന വര്‍ധിക്കാറുണ്ട്. വിലയില്‍ വലിയ കുറവ് വരുത്തിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ വാഹനം സ്വന്തമാക്കാന്‍ തയ്യാറായെന്നാണ് ഡീലര്‍മാരുടെ വിലയിരുത്തല്‍. കൂടാതെ ആഘോഷ ദിവസങ്ങളായ ധന്‍തേരാസ്, ദീപാവലി തുടങ്ങിയ ഘടകങ്ങളും വില്‍പനയെ സ്വാധീനിച്ചു. പുതിയ സാധനങ്ങള്‍ വാങ്ങാന്‍ ശുഭമുഹൂര്‍ത്തമായി കാണുന്ന ധന്‍തേരാസ് ദിവസം 42,000ല്‍ അധികം കാറുകളാണ് രാജ്യത്ത് വിറ്റത്. മികച്ച മഴ ലഭിച്ചതോടെ ഗ്രാമീണ വിപണിയിലുണ്ടായ ഉണര്‍വും പുതിയ മോഡലുകള്‍ വിപണിയിലെത്തിയതും വില്‍പനയില്‍ നേട്ടമായെന്നാണ് വിലയിരുത്തല്‍.