ഇ.വിക്ക് ആഗോള തലത്തില്‍ ഡിമാന്റ് തകര്‍ച്ച, ഇന്ത്യയില്‍ കച്ചവടം കൂടി; ഇതെങ്ങനെ സംഭവിച്ചു!
ചിലരാകട്ടെ നിലവിലുള്ള നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയാണ് നഷ്ടം നികത്തുന്നത്
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രധാന വിപണികളിലെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയും ഡിമാന്‍ഡും കുറഞ്ഞതോടെ പല പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളും ഉത്പാദനം വെട്ടിക്കുറക്കുകയും ചെയ്തു. ചിലരാകട്ടെ നിലവിലുള്ള നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയാണ് നഷ്ടം നികത്തുന്നത്.
പ്രമുഖ യു.എസ് ബ്രാന്‍ഡായ ഫോര്‍ഡ് അവരുടെ ജനപ്രിയ മോഡലായ എഫ്-150 ലൈറ്റ്‌നിംഗ് നിര്‍മ്മാണ ഫാക്ടറി ഏഴ് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. പ്രതീക്ഷിച്ചത് പോലെ കച്ചവടം ലഭിക്കാത്തതിനാല്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയും പ്രതിസന്ധിയിലാണ്. ഇനി യൂറോപ്പിലേക്ക് വന്നാലും സ്ഥിതി സമാനമാണ്. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയിട്ടും യൂറോപ്യന്‍ കമ്പനികള്‍ക്ക് രക്ഷയില്ല. ജര്‍മന്‍ ഓട്ടോമൊബൈല്‍ ഭീമനായ ഫോക്‌സ് വാഗണ്‍ മൂന്ന് പ്ലാന്റുകള്‍ അടച്ചുപൂട്ടുമെന്ന പ്രഖ്യാപനത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മാറിയിട്ടില്ല. മറ്റൊരു ജര്‍മന്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന്റെ ലാഭം പകുതിയായി കുറഞ്ഞതും ചേര്‍ത്ത് വായിക്കണം.
എന്താണ് പറ്റിയത്?
ആഗോള വിപണിയില്‍ ഇ.വികള്‍ക്കുണ്ടായ മാന്ദ്യത്തിന് നിരവധി കാരണങ്ങള്‍ ആഗോള നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ചസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, പുതിയ ഇ.വികള്‍ക്ക് പകരം സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നത്, അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുകൂടാതെ ചൈനീസ് വാഹന ബ്രാന്‍ഡായ ബി.വൈ.ഡി യൂറോപ്യന്‍-അമേരിക്കന്‍ വിപണികളിലേക്ക് കിടിലന്‍ മോഡലുകളുമായി എത്തിയതും ഇടിവിന് കാരണമായി.
ഇന്ത്യയില്‍ വില്‍പന കൂടുന്നു
അതേസമയം, ഇന്ത്യയില്‍ മാസങ്ങള്‍ക്ക് ശേഷം ഇ.വി വില്‍പന റെക്കോഡ് പട്ടികയില്‍ ഇടംപിടിച്ചു. ഒക്ടോബറിലെ വില്‍പന ഒന്നര വര്‍ഷത്തെ ഏറ്റവും കൂടുതലായിരുന്നു. 8,481 ഇ.വി യൂണിറ്റുകള്‍ ജനുവരിയില്‍ നിരത്തിലെത്തിച്ചാണ് ഇത്തവണത്തെ കലണ്ടര്‍ വര്‍ഷം ആരംഭിച്ചത്. ഫെബ്രുവരിയിലെ വില്‍പന 11 ശതമാനം കുറഞ്ഞെങ്കിലും 9,769 വാഹനങ്ങളുമായി മാര്‍ച്ചില്‍ കറണ്ടു വണ്ടികള്‍ വിപണി പിടിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ വില്‍പന ഗണ്യമായി കുറഞ്ഞു. 6,098 യൂണിറ്റുകള്‍ മാത്രം വിറ്റ സെപ്റ്റംബറില്‍ 17 മാസത്തെ ഏറ്റവും കുറവ് വില്‍പനയും രേഖപ്പെടുത്തി. എന്നാല്‍ ഒക്ടോബറില്‍ ഉത്സവ സീസണിന്റെ കരുത്തില്‍ ഇ.വി അടിച്ചുകയറി. 10,534 യൂണിറ്റുകളാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 73 ശതമാനം വര്‍ധന.
ട്രെന്‍ഡ് മാറ്റത്തിന് പിന്നില്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒട്ടുമിക്ക കമ്പനികളും മികച്ച ഓഫര്‍ വാഗ്ദാനം ചെയ്തത് വില്‍പന വര്‍ധിക്കാനുള്ള പ്രധാന കാരണമാണ്. ഇതിനൊപ്പം ദീപാവലി, ധന്‍തേരാസ് തുടങ്ങിയ ആഘോഷങ്ങള്‍ എത്തിയതും വില്‍പനയെ സ്വാധീനിച്ചു. കൂടാതെ ബി.വൈ.ഡി ഇമാക്‌സ് 7, കിയ ഇവി 9, എം.ജി വിന്‍സര്‍ തുടങ്ങിയ മോഡലുകള്‍ നിരത്തിലെത്തിയതും മറ്റൊരു കാരണമാണ്. സെപ്റ്റംബറില്‍ പുറത്തിറക്കിയ എം.ജി വിന്‍സറിന് 24 മണിക്കൂറിനുള്ളില്‍ 15,000 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചിരുന്നു. ഇവ ഒക്ടോബറില്‍ ഡെലിവറി തുടങ്ങിയതും വില്‍പന കണക്കുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.