സഡന്‍ ബ്രേക്ക് പോലെ ആഗോള പ്രതിസന്ധി; ഇന്ത്യയുടെ വാഹന കയറ്റുമതി കൂപ്പുകുത്തി

മെച്ചപ്പെട്ടത് പാസഞ്ചര്‍ വാഹന കയറ്റുമതി മാത്രം

Update: 2024-01-15 05:57 GMT

ആഗോളതലത്തില്‍ വിദേശവിപണികള്‍ വിവിധ പ്രതിസന്ധികള്‍ നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി 2023ല്‍ 21 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (SIAM) കണക്കുകള്‍ വ്യക്തമാക്കി. മൊത്തം 42.85 ലക്ഷം വാഹനങ്ങളാണ് 2023ല്‍ കയറ്റുമതി ചെയ്തത്. 2022ല്‍ ഇത് 52.04 ലക്ഷമായിരുന്നു.

മെച്ചപ്പെട്ടത് പാസഞ്ചര്‍ വാഹനങ്ങള്‍

വാണിജ്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ കയറ്റുമതിയില്‍ ഇടിവ് നേരിട്ടപ്പോള്‍ പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് കയറ്റുമതിയില്‍ മെച്ചപ്പെട്ടത്. പാസഞ്ചര്‍ വാഹന കയറ്റുമതി 2022ലെ 6.44 ലക്ഷത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 5 ശതമാനം ഉയര്‍ന്ന് 6.77 ലക്ഷമായി.

2023ല്‍ ദക്ഷിണാഫ്രിക്ക, ഗള്‍ഫ് മേഖല തുടങ്ങിയ വിപണികളിലെ വാഹന ലോഞ്ചുകളും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് പാസഞ്ചര്‍ വാഹന കയറ്റുമതി വര്‍ധിപ്പിച്ചതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു. വിതരണ ശൃംഖല മെച്ചപ്പെട്ടതും മറ്റൊരു പ്രധാന കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവില്‍ ഈ വാഹനങ്ങള്‍

ഇരുചക്രവാഹന കയറ്റുമതി 2022ലെ 40.53 ലക്ഷത്തില്‍ നിന്ന് 20 ശതമാനം ഇടിഞ്ഞ് 2023ല്‍ 32.43 ലക്ഷമായി. വാണിജ്യ വാഹന കയറ്റുമതി 88,305 എണ്ണത്തില്‍ നിന്ന് 68,473 എണ്ണമായി കുറഞ്ഞു. മുച്ചക്ര വാഹന കയറ്റുമതി 4.17 ലക്ഷത്തില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് 2.91 ലക്ഷമായി കുറഞ്ഞു.

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ കയറ്റുമതിയില്‍ മാരുതി സുസുക്കി ഇന്ത്യ നേതൃത്വം നല്‍കി. 6 ശതമാനം വര്‍ധനയോടെ 2.02 ലക്ഷം വാഹനങ്ങളാണ് കമ്പനി കയറ്റുമതി ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.92 ലക്ഷമായിരുന്നു.

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കിയ ഇന്ത്യ 47,792 വാഹനങ്ങളും ഫോക്‌സ്‌വാഗന്‍ 33,872 വാഹനങ്ങളും നിസ്സാന്‍ 31,678 വാഹനങ്ങളും ഹോണ്ട കാര്‍സ് 20,262 വാഹനങ്ങളും കയറ്റുമതി ചെയ്തു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഡിസംബര്‍ പാദത്തില്‍ 1.29 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.19 ലക്ഷമായിരുന്നു.

Tags:    

Similar News