മലയാളിക്കിഷ്ടം വൈദ്യുത കാര്‍; വില്‍പനയില്‍ കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്
ഗുജറാത്തും കര്‍ണാടകയും കേരളത്തിന് തൊട്ടുപിന്നില്‍
ഇന്ത്യയിലെ മൊത്തം പാസഞ്ചര്‍ വാഹന (യാത്രാ വാഹനം/PV) വില്‍പനയില്‍ വെറും 4.4 ശതമാനം മാത്രമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും കുഞ്ഞന്‍ സംസ്ഥാനങ്ങളിലൊന്നായ നമ്മുടെ കേരളത്തിന്റെ പങ്ക്. പക്ഷേ, വൈദ്യുത വാഹനങ്ങളിലേക്ക് (EV) എത്തുമ്പോള്‍ കഥ മാറും. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം.
ഗുജറാത്തും കര്‍ണാടകയും കേരളത്തിന് തൊട്ടുപിന്നിലുണ്ട്. കേരളം, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് 2023ല്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ 82,000 ഇലക്ട്രിക് കാറുകളില്‍ 35 ശതമാനവുമെന്ന് വാഹന നിര്‍മ്മാതാക്കളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിച്ചതും ചാര്‍ജിംഗ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വളര്‍ച്ചയുമാണ് ഈ സംസ്ഥാനങ്ങളില്‍ വൈദ്യുത കാര്‍ വില്‍പന കൂടാനിടയാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ടാറ്റയും എം.ജിയും
നെക്സോണ്‍, ടിയാഗോ, പഞ്ച് തുടങ്ങിയവയുടെ ഇലക്ട്രിക് പതിപ്പുകളുമായി ടാറ്റാ മോട്ടോഴ്സാണ് വൈദ്യുത കാര്‍ വില്‍പനയില്‍ ഇന്ത്യയില്‍ അപ്രമാദിത്തം തുടരുന്നത്. കോമെറ്റ്, ഇസഡ്.എസ് ഇ.വി തുടങ്ങിയവയുമായി എം.ജി മോട്ടോര്‍ തൊട്ടുപിന്നാലെയുണ്ട്. ഹ്യുണ്ടായിയും ഇ.വി ശ്രേണിയില്‍ ശ്രദ്ധേയരാണ്. കൂടുതല്‍ കമ്പനികള്‍ കൂടി ഈ രംഗത്ത് പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് രംഗം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
കേരളത്തിന്റെ വിപണി
ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് കാര്‍ വിപണിയില്‍ 2023ലെ വില്‍പനക്കണക്ക് പ്രകാരം 13.2 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും ഇ.വി വില്‍പനയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. രാജസ്ഥാന്റെ വിഹിതം 4.3ല്‍ നിന്ന് കഴിഞ്ഞവര്‍ഷം 6.1 ശതമാനത്തിലേക്ക് ഉയര്‍ന്നപ്പോള്‍ വെറും 0.5 ശതമാനമായിരുന്ന ഉത്തര്‍പ്രദേശിന്റെ വിഹിതം കൂടിയത് 6.൪ ശതമാനത്തിലേക്കാണ്.