മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഭാരത് സീരീസിനെ കുറിച്ച് അറിയണം

ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ സാധിക്കും

Update:2021-08-28 18:14 IST

രാജ്യത്ത് എല്ലായിടത്തും വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷനുമായി കേന്ദ്രസര്‍ക്കാര്‍. ഭാരത് സീരീസ് (ബിഎച്ച്) എന്ന പേരിലാണ് പുതിയ വാഹന രജിസ്‌ട്രേഷന്‍ പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്. ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ സാധിക്കും.

നിലവില്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നതിന് റിരജിസ്‌ട്രേഷന്‍ ആവശ്യമാണ്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ 47 ാം വകുപ്പ് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 12 മാസത്തിലധികം ഒരു സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റിരജിസ്‌ട്രേഷന്‍ നടത്താതെ തന്നെ ഇന്ത്യയില്‍ എല്ലായിടത്തും ഉപയോഗിക്കാം.
കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ റിരജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ആ സംസ്ഥാനത്തുനിന്നുള്ള എന്‍ഒസിയും ആവശ്യമാണ്. വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ സംസ്ഥാനത്തുനിന്ന് നികുതി റീഫണ്ട് ചെയ്യുകയും അത് റിരജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ അടയ്ക്കുകയും ചെയ്യണം. ഇതിനെല്ലാം പരിഹാരമായാണ് ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ കേന്ദ്രം അവതരിപ്പിച്ചത്. ഇതിന് പ്രത്യേക ഓണ്‍ലൈന്‍ വെബ്‌സൈറ്റും കേന്ദ്രം സജ്ജമാക്കും. വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന കേന്ദ്ര ജീവനക്കാര്‍ക്കായിരിക്കും ഭാരത് സീരീസില്‍ രജിസ്‌ട്രേഷന്‍ ഏറെ സഹായകമാകുക.



Tags:    

Similar News