ഉപയോഗം വല്ലപ്പോഴും, എന്നിട്ടും ഇന്ത്യാക്കാര്‍ക്ക് വണ്ടിയില്‍ ഇത് വേണം; പണമാക്കാന്‍ വിദേശ കമ്പനികളും

ആദ്യമൊക്കെ വലിയ എസ്.യു.വികളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ഫീച്ചര്‍ ഇന്ന് സെഡാന്‍, ഹാച്ച് ബാക്ക് പോലുള്ള ശ്രേണികളിലേക്കും വ്യാപിച്ചു

Update:2024-10-05 15:41 IST

image credit :canva

ഇന്ത്യന്‍ വാഹന വിപണിയില്‍ സണ്‍റൂഫുകള്‍ക്കുള്ള പ്രിയം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് മുതലെടുക്കാന്‍ ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്ന് വിദേശ ഭീമന്മാര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ചിലര്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ കളി തുടങ്ങിയിട്ടുമുണ്ട്. നെതര്‍ലാന്റ് ആസ്ഥാനമായ ഇന്‍ആല്‍ഫ റൂഫ് സിസ്റ്റം കമ്പനിയും അവരുടെ ഇന്ത്യന്‍ പങ്കാളിയായ ഗബ്രിയേല്‍ ഇന്ത്യയും അടുത്ത വര്‍ഷത്തോടെ സണ്‍റൂഫുകളുടെ നിര്‍മാണം ഇരട്ടിയാക്കാനുള്ള ഒരുക്കത്തിലാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ചെന്നൈയില്‍ പ്ലാന്റ് തുടങ്ങിയ കമ്പനിക്ക് നിലവില്‍ രണ്ടുലക്ഷം സണ്‍റൂഫുകള്‍ നിര്‍മിക്കാനുള്ള വാർഷിക ശേഷിയുണ്ട്.
ഈ രംഗത്തെ ആഗോള ബ്രാന്‍ഡായ ജര്‍മന്‍ കമ്പനി, വെബാസ്റ്റോ (Webasto) നിലവില്‍ അഞ്ച് ലക്ഷം യൂണിറ്റ് സണ്‍റൂഫുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇത് 2027ഓടെ 9.5 ലക്ഷം യൂണിറ്റായി ഉയര്‍ത്താനുള്ള പദ്ധതിയിലാണ്. ജപ്പാനിലെ ഐസിന്‍ കോര്‍പ്പുമായി (Aisin Group) ചേര്‍ന്ന് സണ്‍റൂഫ് നിര്‍മാണം തുടങ്ങാനുള്ള കരാറിന് കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ കമ്പനിയായ യുനോ മിന്‍ഡ അനുമതി നല്‍കിയത്. സണ്‍റൂഫുകളോട് ആളുകള്‍ക്കുള്ള പ്രിയം കൂടിവരുന്നതായും ഈ ട്രെന്‍ഡ് വര്‍ധിക്കാനാണ് സാധ്യതയെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 17.6 ശതമാനം സംയോജിത വളര്‍ച്ചാ നിരക്കിലെത്താന്‍ (സി.എ.ജി.ആര്‍) സണ്‍റൂഫ് വിപണിക്ക് കഴിയുമെന്നാണ് പ്രവചനം.

എസ്.യു.വി മാത്രമല്ല

2024ല്‍ ഓഗസ്റ്റ് വരെ പുറത്തിറങ്ങിയ വാഹനങ്ങളില്‍ 27.5 ശതമാനത്തിലും സണ്‍റൂഫുകളുണ്ടെന്നാണ് കണക്ക്. ആദ്യമൊക്കെ വലിയ എസ്.യു.വികളില്‍ മാത്രം ഒതുങ്ങിയിരുന്ന സണ്‍റൂഫുകള്‍ ഇന്ന് സെഡാന്‍, ഹാച്ച് ബാക്ക് പോലുള്ള ശ്രേണികളിലേക്കും വ്യാപിച്ചു. 44.7 ശതമാനം എസ്.യു.വികളിലും സണ്‍റൂഫുണ്ട്. 16.8 ശതമാനം സെഡാനുകളിലും 8.5 ശതമാനം എം.പി.വികളിലും 4.8 ശതമാനം ഹാച്ച്ബാക്കുകളിലും സണ്‍റൂഫുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ശരിക്കും സണ്‍റൂഫുകള്‍ വേണോ

ഇന്ത്യക്കാരുടെ സണ്‍റൂഫുകളോടുള്ള പ്രിയം കൂടിയെങ്കിലും വാഹനത്തിന് ആവശ്യമായ ഫീച്ചറാണോ ഇതെന്ന ചര്‍ച്ചയും വാഹനലോകത്ത് സജീവമായിട്ടുണ്ട്. ക്രൂസ് കണ്‍ട്രോള്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ്, പാഡില്‍ ഷിഫ്‌റ്റേഴ്‌സ് തുടങ്ങി വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ഫീച്ചറുകളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് സണ്‍റൂഫുകളെന്നാണ് ചിലരുടെ അഭിപ്രായം. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളം പോലുള്ള സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫീച്ചറല്ല സണ്‍റൂഫുകളെന്നും ചിലര്‍ പറയുന്നു. കനത്ത വേനല്‍, മഴ, പൊടിശല്യം തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ ആരും സണ്‍റൂഫ് ഉപയോഗിക്കാറില്ല. സണ്‍റൂഫുള്ള മോഡലുകള്‍ക്ക് സാധാരണ വാഹനങ്ങളേക്കാള്‍ 1-2 ലക്ഷം രൂപ വരെ കൂടുതലുമായിരിക്കും. സണ്‍റൂഫ് തുറന്നിട്ട് വാഹനമോടിച്ചാല്‍ മൈലേജ് കുറയുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വാദിക്കുന്നവരുമുണ്ട്.
എന്നാല്‍ സണ്‍റൂഫിലൂടെ ലഭിക്കുന്ന സൂര്യപ്രകാശം ഡ്രൈവിംഗ് ആയാസരഹിതമാക്കുമെന്നാണ് സണ്‍റൂഫ് പ്രേമികളുടെ വാദം. സൈഡ് വിന്‍ഡോ തുറക്കുമ്പോള്‍ വാഹനത്തിനകത്തുണ്ടാകുന്ന ശബ്ദത്തേക്കാള്‍ കുറവായിരിക്കും സണ്‍റൂഫുകള്‍ തുറന്നിടുമ്പോഴുണ്ടാകുന്നത്. വാഹനത്തിനകത്തെ ചൂട് പുറത്തുപോകാന്‍ സണ്‍റൂഫുകള്‍ നല്ലതാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
Tags:    

Similar News