ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന ഓല ഇലക്ട്രിക്കിന് വരുമാനത്തില്‍ വമ്പന്‍ വര്‍ധന
നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് വലിയ വരുമാന വളര്‍ച്ച
പ്രമുഖ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ സംയോജിത വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 510 ശതമാനം വര്‍ധിച്ച് 2,782 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 373 കോടി രൂപയായിരുന്നു. കമ്പനി 1,472 രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 784.1 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തിലെ 1,240 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,383 കോടി രൂപയായി ഉയര്‍ന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 803 കോടി രൂപയുടെ എബിറ്റ്ഡ ലാഭമാണ് (നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം) ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. 2023-24ല്‍ എബിറ്റ്ഡ നഷ്ടം 950 കോടി രൂപയായി കുറയുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4,655 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1.5 ലക്ഷം യൂണിറ്റ് വൈദ്യുത വാഹനങ്ങള്‍ വിറ്റു. 2023-24ല്‍ 3 ലക്ഷം വാഹനങ്ങളും 2024-25 സാമ്പത്തിക വര്‍ഷത്തോടെ 9 ലക്ഷം വാഹനങ്ങളും വില്‍ക്കുകയാണ് ലക്ഷ്യം. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) തയ്യാറെടുക്കുകയാണ് ഓല ഇലക്ട്രിക്.