താങ്ങാവുന്ന വിലയില്‍ കിയയുടെ ഇ.വി അടുത്ത വര്‍ഷം, പ്രാദേശികമായി നിര്‍മ്മിക്കും

കൂടുതൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ച് ഇ.വി പോർട്ട്ഫോളിയോ വിപുലീകരിക്കും

Update:2024-10-05 11:15 IST

Image Courtesy: kia.com

ഇലക്ട്രിക്ക് കാറുകള്‍ക്ക് (ഇ.വി) വില കൂടുതലാണ് എന്ന അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനു പരിഹാരം എന്ന നിലയില്‍ താങ്ങാവുന്ന വിലയിലുളള ഇ.വി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കിയ.

കൂടുതല്‍ ഇ.വി കള്‍ അവതരിപ്പിക്കും

ഭാവിയില്‍ കൂടുതൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ വിപുലീകരിക്കാനാണ് കിയയ്ക്ക് പദ്ധതിയുളളത്.
ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ കിയ ഇ.വി9 ഇലക്ട്രിക് എസ്‌.യു.വി കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. 2022 ലാണ് ഇന്ത്യയില്‍ കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ഇ.വി6 അവതരിപ്പിക്കുന്നത്.
മൂന്ന് നിരകളായി സീറ്റിംഗ് ക്രമീകരണമുളള ഇ.വി9 ന്റെ വില 1.29 കോടി രൂപയാണ് (എക്സ്-ഷോറൂം). പ്രമുഖ കമ്പനികളുടെ ആഡംബര കാറുകളുടെ വിലയ്ക്ക് സമാനമാണ് ഇ.വി9 ന്റെ വില.

 വലിപ്പത്തിൽ ചെറുതായിരിക്കില്ല

പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാർ പ്രാദേശികമായി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ ലഭ്യമാക്കുന്ന ഇ.വി9 അല്ലെങ്കിൽ ഇ.വി6 എന്നിവയിൽ നിന്ന് വ്യത്യസ്തമായി താങ്ങാനാവുന്ന വിലയിലായിരിക്കും ഇത് വിപണിയില്‍ എത്തിക്കുക.
ഇ.വി9 ന്റെ ലോഞ്ച് വേളയിലാണ് കിയ ഇന്ത്യയിലെ ഇ.വി പദ്ധതികള്‍ വെളിപ്പെടുത്തിയത്. അടുത്ത വർഷം കൂടുതല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ വിലയില്‍ ഒരു ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുളളതായി കിയ ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു.
പുതിയ ഇലക്ട്രിക് കാർ വലിപ്പത്തിൽ ചെറുതായിരിക്കുമെന്ന ആശങ്ക വേണ്ട. ടാറ്റ പഞ്ച് ഇ.വി. സിട്രോൺ ഇ.സി3 തുടങ്ങിയ മൈക്രോ ഇലക്ട്രിക് എ.സ്‌.യുവികൾ പോലുളള വാഹനം ആയിരിക്കില്ല കിയ അവതരിപ്പിക്കുകയെന്നും ഗ്വാങ്ഗു ലീ പറഞ്ഞു.
Tags:    

Similar News