മാര്‍ക്കോ വൈബില്‍ ലാന്‍ഡ് റോവര്‍! പുതിയ ഡിഫന്‍ഡര്‍ വിപണിയില്‍, വില ₹1.39 കോടി
കഴിഞ്ഞ വര്‍ഷം നിറുത്തിയ വി8 എഞ്ചിന്‍ തിരികെ എത്തിച്ചതാണ് പ്രധാന മാറ്റം;
ഏറ്റവും പുതിയ ഡിഫന്‍ഡര്‍ 2025നെ ഇന്ത്യയിലെത്തിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍). കഴിഞ്ഞ വര്‍ഷം നിറുത്തിയ വി8 എഞ്ചിന്‍ തിരികെ എത്തിച്ചതാണ് പ്രധാന മാറ്റം. 1.39 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 90,110,130 എന്നിങ്ങനെ മൂന്ന് ബോഡി സ്‌റ്റൈലുകളില്‍ വാഹനം ലഭ്യമാകും. ബ്രിട്ടീഷ് ഹൃദയമുള്ള ഡിഫന്‍ഡറുകള്‍ വളരെ വേഗത്തില്‍ വിറ്റുതീരുന്ന പതിവുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് വാഹനം ഇന്ത്യയിലെത്തിക്കുന്നത്. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ മാര്‍ക്കോ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് പുറമെ ഏറെ ശ്രദ്ധ നേടിയ മോഡലാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍.
വി8 5.0 ലിറ്റര്‍ എഞ്ചിന്‍ തിരിച്ചെത്തിച്ചെങ്കിലും 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളും ഇന്ത്യയില്‍ ലഭ്യമാകും. 420 ബി.എച്ച്.പി കരുത്തും 610 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വി8 എഞ്ചിന് സാധിക്കും. 20 ഇഞ്ചിന്റെ ഓള്‍ ടെറെയിന്‍ ടയറുമായെത്തുന്ന ഡിഫന്‍ഡറില്‍ ടെറെയിന്‍ റെസ്‌പോന്‍സ് സിസ്റ്റം, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
നേരത്തെ, 518 എച്ച്.പി കരുത്തുള്ള മറ്റൊരു 5.0 ലിറ്റര്‍ വി8 എഞ്ചിനിലും വാഹനം ലഭ്യമായിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 110 ബോഡി സ്‌റ്റൈലില്‍ ലഭിച്ചിരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എക്‌സ് - ഡൈനാമിക്‌സ് എച്ച്.എസ്.ഇ വേരിയന്റില്‍ മാത്രം തുടരും. എന്നാല്‍ ഏറെ ആരാധകരുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എക്‌സ് ഡൈനാമിക്‌സ് എച്ച്.എസ്.ഇ, എക്‌സ്, സെഡോന എഡിഷനുകളില്‍ ഇനിയും ലഭ്യമാകും.
പുതിയ ഡിഫന്‍ഡറിലെന്ത്?
2025 ഡിഫന്‍ഡറിലെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും കറുത്ത നിറത്തിലുള്ള ബ്ലാക്ക് റൂഫും 20 ഇഞ്ചിന്റെ സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകളും പുതുതായി ഉള്‍പ്പെടുത്തി. ഇന്റീരിയറില്‍ കാര്യമായ മാറ്റമുണ്ട്. സീറ്റുകളിലെ ലെതറുകള്‍ അപ്‌ഗ്രേഡ് ചെയ്തതിനൊപ്പം സെന്‍ട്രല്‍ കണ്‍സോളില്‍ സ്‌റ്റോറേജിന് കൂടുതല്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 14 തരത്തില്‍ ക്രമീകരിക്കാവുന്ന മെമ്മറി ഫംഗ്ഷനോടെയുള്ള ഹീറ്റഡ്/കൂള്‍ഡ് മുന്‍നിര സീറ്റുകള്‍, 11.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റ്, 360 ഡിഗ്രീ ക്യാമറ, പനോരമിക് സണ്‍റൂഫ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.