ബെസ്റ്റ് സെല്ലര്‍ പദവി ടാറ്റ മോട്ടോഴ്‌സിന്, മാരുതി സുസൂക്കിയുടെ 40 വര്‍ഷത്തെ റെക്കോഡ് പൊളിഞ്ഞു; എങ്ങനെ?

ടോപ് സെല്ലിംഗ് മോഡല്‍ പദവി മാരുതിക്ക് നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

Update:2025-01-06 12:21 IST

image credit : canva , Tata Motors , Maruti Suzuki

2024ലെ ബെസ്റ്റ് സെല്ലര്‍ പദവി ടാറ്റ മോട്ടോഴ്‌സിന് സ്വന്തം. മാരുതി സുസുക്കിയുടെ 40 വര്‍ഷം നീണ്ടുനിന്ന റെക്കോഡാണ് ടാറ്റ തിരുത്തിയത്. വില്‍പ്പനയില്‍ മുന്നിലുണ്ടായിരുന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍, സ്വിഫ്റ്റ് എന്നീ മോഡലുകളെ പിന്നിലാക്കി ടാറ്റയുടെ സബ് 4 മീറ്റര്‍ - കോംപാക്ട് എസ്.യു.വിയായ പഞ്ച് 2024ലെ ബെസ്റ്റ് സെല്ലറായി. 2,02,030 ടാറ്റ പഞ്ചുകളാണ് കഴിഞ്ഞ കൊല്ലം നിരത്തിലെത്തിയത്. അതായത് ഓരോ ദിവസവും ശരാശരി 57 പഞ്ചുകളെങ്കിലും ടാറ്റ വിറ്റുവെന്ന് വേണം കരുതാന്‍.1,90,855 വാഗണ്‍ ആറുകളും 1,90,091 എര്‍ടിഗയും 1,88,160 ബ്രെസയുമാണ് കഴിഞ്ഞ കൊല്ലം മാരുതി സുസുക്കിക്ക് വില്‍ക്കാനായത്. 1,86,919 യൂണിറ്റുകള്‍ വിറ്റ ഹ്യൂണ്ടായ് ക്രെറ്റ അഞ്ചാമതാണ്. ടോപ് അഞ്ചില്‍ ഇടം പിടിച്ച മൂന്നെണ്ണവും എസ്.യു.വി സെഗ്‌മെന്റിലുള്ളതാണെന്നും ശ്രദ്ധേയം.

വിജയിച്ചത് ടാറ്റയുടെ തന്ത്രം

2021ലാണ് ടാറ്റ ടാറ്റ പഞ്ചിനെ അവതരിപ്പിക്കുന്നത്. പോക്കറ്റിനിണങ്ങുന്ന വിലയില്‍ 90 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഭേദപ്പെട്ട ഡ്രൈവിംഗ് പൊസിഷനും ഒരുക്കിയതോടെ വണ്ടി ഹിറ്റായി. സ്വിഫ്റ്റ് പോലുള്ള ഹാച്ച് ബാക്കുകള്‍ വാങ്ങാനിരുന്നവര്‍ക്ക് അതേവിലയില്‍ എസ്.യു.വി ലഭിക്കുമെന്ന് വന്നതോടെ കൂടുതലാളുകള്‍ പഞ്ചിലേക്ക് മാറാന്‍ തുടങ്ങി. 10,000 യൂണിറ്റുകള്‍ മാസം വിറ്റ് 2022ല്‍ ടോപ് 10 സെല്ലിംഗ് പട്ടികയിലും പഞ്ച് ഇടം പിടിച്ചു. സമാന ഫീച്ചറുകളുള്ള ഹ്യൂണ്ടായ് എക്‌സറ്ററും ഒപ്പം മത്സരിച്ചെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. സുരക്ഷിതമായ കാറെന്ന പ്രചാരണ തന്ത്രമാണ് ഉപയോക്താക്കളെ പഞ്ചിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചതെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. ഗ്ലോബല്‍ എന്‍കാപ് റേറ്റിംഗില്‍ 5 സ്റ്റാറും ഭാരത് എന്‍കാപ് മാനദണ്ഡങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗും വാഹനം കരസ്ഥമാക്കിയിരുന്നു.
കൂടാതെ 2024ല്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ ഡിസ്‌കൗണ്ടും പഞ്ചിന് നല്‍കി. മികച്ച ഇന്ധനക്ഷമതയും സിറ്റി ട്രാഫിക്കില്‍ സുഗമമായി ഡ്രൈവ് ചെയ്യാമെന്നതും പഞ്ചിന് ഗുണകരമായി. മാത്രവുമല്ല, പുതുതലമുറ ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിഞ്ഞതും വാഹനത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.

മാരുതിക്ക് പണിയാണോ

കൊറോണക്ക് മുമ്പ് 52 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന കമ്പനിയാണ് മാരുതി. അന്ന് ടോപ് അഞ്ചില്‍ വിറ്റിരുന്ന വാഹനങ്ങളെല്ലാം മാരുതിയുടേത് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാരുതിയുടെ വിപണി വിഹിതം 41 ശതമാനമായി കുറഞ്ഞു. 10 ലക്ഷം രൂപയില്‍ എസ്.യു.വി സെഗ്‌മെന്റില്‍ മോഡലുകള്‍ ഇല്ലാതെ പോയതും വിപണിയില്‍ എസ്.യു.വികളോടുള്ള പ്രിയം വര്‍ധിച്ചതും മാരുതിക്ക് വിനയായി. 1985ല്‍ മാരുതി 800ലൂടെയും 2011ല്‍ ആള്‍ട്ടോയിലൂടെയും മാരുതി നേടിയെടുത്ത സ്ഥാനമാണ് 2024ല്‍ പഞ്ചിന് മുന്നില്‍ അടിയറവ് വക്കേണ്ടി വന്നത്. ബെസ്റ്റ് സെല്ലിംഗ് മോഡല്‍ പദവി പോയെങ്കിലും വില്‍പ്പനയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് മാരുതി തന്നെയാണ്. ഇക്കൊല്ലം ഇ-വിറ്റാരയടക്കം നിരവധി മോഡലുകള്‍ നിരത്തിലെത്തിച്ച് വിപണി പിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Tags:    

Similar News