ഇവി ചാര്‍ജിംഗ് സ്റ്റേഷനുമായി ലൂക്കാസ് ടിവിഎസ്
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ 2500 കോടിയുടെ ജിഗാ ഫാക്ടറിയാണ് ടിവിഎസ് സ്ഥാപിക്കുന്നത്.
ഇലട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ലൂക്കാസ് ടിവിഎസ്. ഓട്ടോമോട്ടീവ് ഘടകങ്ങള്‍ വില്‍ക്കുന്ന ടിവിഎസ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് ലൂക്കാസ് ടിവിഎസ്. നിലവിലുള്ള മാര്‍ക്കറ്റ് ശൃംഖല ഉപയോഗിച്ച് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വികസിപ്പിക്കാനാണ് തീരുമാനം.
ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ടാറ്റാ പവറുമായി സഹകരിക്കുമെന്ന് ഈ മാസം ആദ്യം ടിവിഎസ് മോട്ടോര്‍സ് അറിയിച്ചിരുന്നു. ഇതേ സമയം അമേരിക്കന്‍ കമ്പനി 24എം ടെക്‌നോളജീസുമായി ചേര്‍ന്ന് സെമി- സോളിഡ് ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ലൂക്കാസ് ടിവിഎസ്. 24എമ്മുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ 2500 കോടിയുടെ ജിഗാ ഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി. പൈലറ്റ് പ്രോജക്ടായി തുടങ്ങിയ ശേഷം വിപണി അനുസരിച്ച് ഫാക്ടറി വികസിപ്പിക്കുമെന്നാണ് ലൂക്കാസ് അറിയിച്ചത്.
2023 ജൂണോടെ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. 10 ജിഗാവാട്ട് വരെയാകും ശേഷി. കൂടാതെ ബാറ്ററി ഇതര ബിസിനസില്‍ പ്രതിവര്‍ഷം 100 കോടി രൂപ കമ്പനി നിക്ഷേപിക്കും. ട്രാക്ടറുകള്‍ക്കും എസ് യുവികള്‍ക്കും ആവശ്യമായ ഘടകങ്ങളും നിര്‍മിക്കും. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്നങ്ങളുടെ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടിവിഎസ് ലൂക്കാസ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ബാലാജി പറഞ്ഞു
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ലൂക്കാസ് ടിവിഎസിന്റെ വരുമാനം ഇടിഞ്ഞിരുന്നു. 2018-19 കാലയളവിലെ 24000 കോടിയുടെ വിറ്റുവരവിലേക്ക് തിരിച്ചെത്തുകാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ വിപണിയല്ല സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആണ് പ്രധാന പ്രശ്‌നമെന്നും അരവിന്ദ് ബാലാജി ചൂണ്ടിക്കാണിച്ചു.