മാരുതി 2,555 ആള്‍ട്ടോ കെ10 കാറുകള്‍ തിരിച്ചു വിളിക്കുന്നു, കാരണം ഇതാണ്

മിനി സെഗ്മെന്റില്‍ 2024 സാമ്പത്തിക വര്‍ഷം 49,990 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്

Update:2024-08-08 10:59 IST

സ്റ്റീയറിംഗ്-ഗിയര്‍ ബോക്‌സില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ആൾട്ടോ കെ10ന്റെ 2,555 കാറുകള്‍ തിരികെ വിളിച്ചു. വാഹനത്തിന്റെ സിറ്റീയറിംഗ് ശേഷിയെ ബാധിച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണിത്‌.  പ്രശ്‌നം പരിഹരിക്കുന്നതുവരെ ഈ മോഡലിന്റെ  ഉപയോഗം നിര്‍ത്തിവയ്ക്കണമെന്നും മാരുതി വാഹന ഉടമകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. മാരുതിയുടെ ഓതറൈസ്ഡ് ഡീലര്‍ വര്‍ക്ക്‌ഷോപ്പുകള്‍ വാഹന ഉടമകളുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വാഹന ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുന്നതാണ്.

ഇതിന് മുന്‍പ് ഫ്യുവല്‍ പമ്പ് മോട്ടറില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ ആറിന്റെ 4,190 യൂണിറ്റുകളും തിരികെ വിളിച്ചിരുന്നു. 2019 ജൂണ്‍ 30നും 2019 നവംബര്‍ ഒന്നിനുമിടയില്‍ നിര്‍മിച്ച വാഹനങ്ങളെയാണ് തിരിച്ചു വിളിച്ചത്.

2022 ഓഗസ്റ്റ് 18നാണ് ആള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ മാരുതി അവതരിപ്പിച്ചത്. ആള്‍ട്ടോ, എക്‌സ്പ്രസോ മോഡലുകള്‍ ഉള്‍പ്പെടെയുള്ള മിനി സെഗ്മെന്റില്‍ 2024 സാമ്പത്തിക വര്‍ഷം 49,990 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്.
ഓഹരി നേരിയ ഇടിവിൽ 
ഇന്നലെയാണ് മാരുതി ഇതേ കുറിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്‌. ഇന്ന് രാവിലെ മാരുതി ഓഹരികള്‍ നേരിയ ഇടിവിലാണ്. ഇന്നലെ 12,371.50 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരികള്‍ 12,392 രൂപ വരെ ഉയര്‍ന്ന ശേഷം 12,221 രൂപ വരെ താഴ്ന്നു.
2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഏകീകൃത ലാഭത്തില്‍ 46.9 ശതമാനം വര്‍ധനയാണ് മാരുതി നേടിയത്. 3,650 കോടിയാണ് ലാഭം. വരുമാനം ഇക്കാലയളവില്‍ 10 ശതമാനം വര്‍ധിച്ച് 35,531 കോടിയുമായി.
Tags:    

Similar News