പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 23 ശതമാനത്തിന്റെ വര്‍ധന

തുടര്‍ച്ചയായ ഏഴാം മാസമാണ് വാഹന വിപണി പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്;

Update:2021-03-01 14:25 IST

Representational image

തുടര്‍ച്ചയായ ഏഴാം മാസവും പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് വളര്‍ച്ച. ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയി 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ 308,000 കാറുകളും എസ്യുവികളുമാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചത്.

ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ 54 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ മൊത്തം ആഭ്യന്തര വില്‍പ്പന 58,473 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 38,002 യൂണിറ്റായിരുന്നു. ഫെബ്രുവരിയില്‍ ടാറ്റയുടെ കാര്‍ വില്‍പ്പന ഇരട്ടിയായി 27,225 യൂണിറ്റായി. ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. മൊത്തം ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 25,572 ല്‍ നിന്ന് 22 ശതമാനം ഉയര്‍ന്ന് 31,248 യൂണിറ്റായി.
ടിവിഎസ് മോട്ടോര്‍ കമ്പനി ഫെബ്രുവരിയില്‍ മൊത്തം വില്‍പ്പനയില്‍ 18 ശതമാനം വര്‍ധവ് രേഖപ്പെടുത്തി 297,747 യൂണിറ്റായി. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 253,261 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്. ടിവിഎസിന്റെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 284,581 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 235,891 യൂണിറ്റായിരുന്നു. 21 ശതമാനം വര്‍ധന.
ഫെബ്രുവരിയില്‍ മൊത്തം കയറ്റുമതി 23 ശതമാനം ഉയര്‍ന്ന് 101,789 യൂണിറ്റായി. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 16 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധനവ്. 137,259 യൂണിറ്റ്. സ്‌കൂട്ടര്‍ വില്‍പ്പന 56 ശതമാനം ഉയര്‍ന്ന് 95,525 യൂണിറ്റിലെത്തി. അതേസമയം ത്രീ-വീലര്‍ വില്‍പ്പന 24.2 ശതമാനം ഇടിഞ്ഞ് 13,166 യൂണിറ്റായി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പന 41 ശതമാനം വളര്‍ച്ച നേടി 15,391 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,938 യൂണിറ്റുകളാണ് വിറ്റുപോയത്.


ഫെബ്രുവരിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മൊത്ത വില്‍പ്പന 26.4 ശതമാനം ഉയര്‍ന്ന് 61,800 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 48,910 യൂണിറ്റായിരുന്നു. കമ്പനിയുടെ ആഭ്യന്തര വാഹന വില്‍പ്പന 29 ശതമാനം ഉയര്‍ന്ന് 51,600 യൂണിറ്റായി. ഫെബ്രുവരിയില്‍ കയറ്റുമതി 14.6 ശതമാനം വര്‍ധിച്ച് 10,200 യൂണിറ്റായി.


ഫെബ്രുവരിയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് മൊത്തം 164,469 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 147,110 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 11.8 ശതമാനം വളര്‍ച്ചയാണെന്ന് കമ്പനി വ്യക്തമാക്കി.
മൊത്തം ആഭ്യന്തര വില്‍പ്പന 11.8 ശതമാനം ഉയര്‍ന്ന് 152,983 യൂണിറ്റായി. കയറ്റുമതി 11.9 ശതമാനം ഉയര്‍ന്ന് 11.486 യൂണിറ്റായി. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 8.3 ശതമാനം വര്‍ധിച്ച് 144,761 യൂണിറ്റായി. മിനി, കോംപാക്റ്റ് വാഹന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനം ഉയര്‍ന്ന് 104,476 യൂണിറ്റായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.9 ശതമാനം വര്‍ധിച്ച് 26,884 യൂണിറ്റായി യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ ഡിമാന്‍ഡ് വര്‍ധിച്ചു.


Tags:    

Similar News