പെട്രോള്‍ വേണ്ടാത്ത ബെന്‍സ് വണ്ടി! ഒറ്റച്ചാര്‍ജില്‍ 473 കിലോമീറ്റര്‍ ഓടും; വില മൂന്ന് കോടി രൂപ, ഓഫ് റോഡില്‍ പുലിയെന്ന് കമ്പനി
32 മിനിറ്റു കൊണ്ട് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും;
ഇലക്ട്രിക് ജി ക്ലാസിനെ ഇന്ത്യന്‍ നിരത്തിലെത്തിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ജി 580 വിത്ത് ഇ.ക്യൂ ടെക്‌നോളജി എന്ന് പേരിട്ട വാഹനത്തിന് മൂന്ന് കോടി രൂപ മുതലാണ് വില. നിലവിലെ ജി-വാഗണിന്റെ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇലക്ട്രിക് ഹൃദയമുള്ള ഇളമുറക്കാരന്റെ വരവ്. ഐസ് (Internal Combustion Engine) മോഡലിലെ ഓഫ്റോഡ് ഫീച്ചറുകളെല്ലാം നിലനിറുത്തിയിട്ടുണ്ട്. ഓഫ് റോഡിന്റെ കാര്യത്തില്‍ ജി 580 അതിഭീകര പ്രകടനം കാഴ്ച വക്കുമെന്നാണ് കമ്പനി പറയുന്നത്. ജനുവരി 17ന് തുടങ്ങുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശനത്തിന് വെക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഡിസൈന്‍
ഇപ്പോള്‍ വിപണിയിലുള്ള ജി ക്ലാസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇ.വികള്‍ക്ക് വേണ്ടിയുള്ള ഗ്രില്ലും മെഴ്‌സിഡസ് ബെന്‍സിന്റെ വലിയ ലോഗോയും മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ധിപ്പിച്ചിട്ടുണ്ട്. എയ്‌റോഡൈനാമിക് ശേഷി വര്‍ധിപ്പിക്കാന്‍ എ പില്ലറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. പുതിയ അലോയ് വീലുകളും വികസിപ്പിച്ചു. സ്‌പോര്‍ട്ടി ലുക്ക് കിട്ടാന്‍ 20 ഇഞ്ചിന്റെ പുതിയ അലോയ് വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. റൂഫില്‍ ഘടിപ്പിച്ച സ്‌പോയിലറാണ് പിന്‍ഭാഗത്തിന്റെ ഭംഗി കൂട്ടുന്നത്. വാഹനത്തിന്റെ ഡ്രാഗ് കുറക്കുന്നതിനായി റിയര്‍ വീല്‍ ആര്‍ച്ചിന് മുകളില്‍ എയര്‍ കര്‍ട്ടനുകളും നല്‍കിയിട്ടുണ്ട്.
ഫീച്ചറുകള്‍ നിരവധി
വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജിംഗ് ഓപ്ഷനുകളുള്ള മുന്‍നിര സീറ്റ്, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, സണ്‍റൂഫ് തുടങ്ങിയ നിരവധി ഓപ്ഷനുകളാണ് കമ്പനി വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. സുരക്ഷയുടെ കാര്യമെടുത്താല്‍ ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് വാണിംഗ്, 360 ഡിഗ്രീ ക്യാമറ, ആക്ടീവ് സ്പീഡ് ലിമിറ്റ് അസിസ്റ്റ് ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. നിന്നിടത്ത് നിന്നും 360 ഡിഗ്രിയില്‍ വട്ടം ചുറ്റാവുന്ന ടാങ്ക് ടേണ്‍ ഫീച്ചറും ഇതിലുണ്ട്.
ബാറ്ററി
116 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്ക് ഒറ്റച്ചാര്‍ജില്‍ 473 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. നാല് മോട്ടോറുകളുള്ള വാഹനം 579 ബി.എച്ച്.പി കരുത്തും 1,164 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 4.7 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 32 മിനിറ്റു കൊണ്ട് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 200 കിലോവാട്ട് വരെയുള്ള ഫാസ്റ്റ് ചാര്‍ജറുകളും സപ്പോര്‍ട്ട് ചെയ്യും.