അന്യായ ലുക്ക്, കാത്തിരിപ്പിന് വിരാമമിട്ട് ഗറില്ല 450 എത്തി

2.39 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില

Update:2024-07-17 11:52 IST

image credit : royal Enfield website

വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഗറില്ല 450 (Guerrilla 450) വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഇരുചക്ര വാഹന വിപണിയിലെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച എന്‍ട്രികളിലൊന്നായ ഗറില്ലയുടെ വിലയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്.
2.39 ലക്ഷം രൂപയില്‍ തുടങ്ങുന്ന ബൈക്ക് മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. അനലോഗ് -2.93 ലക്ഷം, ഡാഷ് - 2.49 ലക്ഷം, ഫ്‌ളാഷ് -2.54 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍, ഗോള്‍ഡ് ഡിപ്പ്, പ്ലായ ബ്ലാക്ക്, സ്‌മോക്ക് തുടങ്ങിയ നിറങ്ങളിലും ലഭിക്കും.

ആരും കൊതിക്കുന്ന രൂപം

ഹിമാലയനില്‍ പരീക്ഷിച്ച ഷെര്‍പ്പ 450 പ്ലാറ്റ്‌ഫോമില്‍ ഒരുഗ്രന്‍ റോഡ്‌സ്റ്റര്‍ ലുക്കിലാണ് ആശാന്റെ രംഗപ്രവേശം. സിറ്റി, ദീര്‍ഘദൂര യാത്രകള്‍ക്കും അത്യാവശ്യം ഓഫ്‌റോഡിംഗും ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. പെര്‍ഫോമന്‍സ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുണ്ട്. അപ്‌റൈറ്റായും സ്‌പോര്‍ട്ടിയായും ഇരിക്കാനാവുന്ന വിധത്തിലാണ് സീറ്റുകള്‍. എന്നാല്‍ ഹിമാലയനിലേത് പോലെ ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളല്ല.
എഞ്ചിന്‍ ഹിമാലയന്റെ തന്നെ
452 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 40 പി.എസ് കരുത്തും 40 എന്‍.എം ടോര്‍ക്കും നല്‍കാന്‍ കഴിവുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ്. മുന്നില്‍ 310 എം.എം ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 270 എം.എം ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. റൈഡ് ബൈ വയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗറില്ലയില്‍ ഇരട്ട ചാനല്‍ എ.ബി.എസ് (ആന്റി ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാന്‍ഡേര്‍ഡാണ്. 169 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും 191 കിലോ ഗ്രാം ഭാരവുമാണ് ബൈക്കിനുള്ളത്. 11 ലിറ്റര്‍ ഇന്ധനം നിറയ്ക്കാനാകും.
റെട്രോ-മോഡേണ്‍

 

റൗണ്ട് എല്‍.ഇ.ഡി ഹെഡ്ലൈറ്റും വലിയ ഇന്ധനടാങ്കും സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും അടങ്ങിയ വാഹനത്തിന് അന്യായ റോഡ് പ്രസന്‍സ് ലഭിക്കും. പുതിയ ഹിമാലയന്‍ 450നോട് സാദൃശ്യം തോന്നുന്ന പല ഭാഗങ്ങളും ഗറില്ലയിലും കാണാന്‍ കഴിയും. ഹിമാലയന്‍ 450ല്‍ സ്പോക്ക് വീലുകളാണ് നല്‍കിയിരുന്നതെങ്കില്‍ ഗറില്ലയില്‍ അലോയ് വീലുകളാണുള്ളത്. ടോപ്പ് എന്‍ഡ് വേരിയന്റായ ഫ്‌ളാഷില്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്യാവുന്ന രീതിയിലുള്ള 4 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയുണ്ട്. ഗൂഗിള്‍ മാപ്പ്, മീഡിയ കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വേരിയന്റുകളില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. ഗറില്ലയ്ക്ക് വേണ്ടി സിയറ്റ് പ്രത്യേകം തയ്യാറാക്കിയ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
എതിരാളി
നിലവില്‍ റോഡ്‌സ്റ്റര്‍ സെഗ്‌മെന്റില്‍ ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400, ഹീറോ മാവറിക്ക് തുടങ്ങിയ വാഹനങ്ങള്‍ മാത്രമാണുള്ളത്. ഈ വിടവ് നികത്താന്‍ കഴിയുന്ന വാഹനമാണ് ഗറില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തന മികവും ബ്രാന്‍ഡ് എന്ന നിലയിലെ വിശ്വസ്തതയും രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സര്‍വീസ് ശൃംഖലയും റോയല്‍ എന്‍ഫീല്‍ഡിന് ഗുണമാകും. എന്നാല്‍ ഇത് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440, ബജാജ് ഡോമിനര്‍ 400, ബജാജ് പള്‍സര്‍ എന്‍.എസ് 400 ഇസഡ്, കെ.ടി.എം 390 ഡ്യൂക്ക് എന്നീ ബൈക്കുകള്‍ക്കും പണിയാകുമെന്നാണ് വാഹന ലോകത്തെ സംസാരം.
Tags:    

Similar News