ഒന്നേകാല്‍ ലക്ഷത്തിന് ബുള്ളറ്റ്, 250 സിസിയില്‍ ഒരുങ്ങുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ പുലിക്കുട്ടി

യുവതലമുറയെക്കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ വരുന്നത്

Update:2024-07-15 20:34 IST

Representational image, image credit: canva

350-700 സിസി വരെയുള്ള ഇരുചക്ര വാഹന വിപണിയില്‍ ആഗോള-ഇന്ത്യന്‍ വിപണികളില്‍ ആധിപത്യം തുടരുന്ന വാഹന നിര്‍മാതാവാണ് റോയല്‍ എന്‍ഫീല്‍ഡ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അപ്പൂപ്പന്‍ മുതല്‍ പുതുതലമുറയിലെ ഫ്രീക്കന്‍ പിള്ളേര് വരെ ആരാധിക്കുന്ന ഐറ്റങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹോബി. എന്നാല്‍ 350 സിസിയിലെ ഹണ്ടര്‍, ക്ലാസിക് മോഡലുകള്‍ നിറയെ വിറ്റഴിയുന്നുണ്ടെങ്കിലും പ്രീമീയം സെഗ്‌മെന്റിലുള്ള കച്ചവടം അത്രപോരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മനസിലാക്കിയ കമ്പനി 250 സിസി സെഗ്‌മെന്റില്‍ പുതിയൊരു വാഹനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
അഞ്ചുവര്‍ഷത്തോളമായി ഇത്തരത്തില്‍ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും 250 സിസി ബൈക്ക് നിര്‍മിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് പച്ചക്കൊടി കാട്ടിയത് ഇപ്പോഴാണ്. പോക്കറ്റിനിണങ്ങുന്ന ബുള്ളറ്റിന്റെ ലൈറ്റര്‍ വേര്‍ഷന്‍ യുവതലമുറയെക്കൂടി ലക്ഷ്യമിട്ടാണ് നിര്‍മിക്കുന്നത്. വി പ്ലാറ്റ്‌ഫോം എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും 250 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടുകൂടി വാഹനമെത്തുക. ഹൈബ്രിഡ് ടെക്‌നോളജി ഈ വാഹനത്തില്‍ ഉപയോഗിക്കാനുള്ള സാധ്യതയും റോയല്‍ എന്‍ഫീല്‍ഡ് അന്വേഷിക്കുന്നുണ്ട്.
ഒന്നേകാല്‍ ലക്ഷത്തിന് ബുള്ളറ്റ്
നിലവില്‍ ഒന്നര ലക്ഷം (എക്‌സ്‌ഷോറൂം വില) രൂപക്ക് ലഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ആണ് കമ്പനിയ്ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന വാഹനങ്ങളിലൊന്ന്. ഇതിനേക്കാള്‍ എഞ്ചിന്‍ ശേഷി കുറഞ്ഞ വാഹനത്തിന്റെ വില ഒന്നേകാല്‍ ലക്ഷം മുതല്‍ ആരംഭിക്കുമെന്നാണ് വാഹന ലോകത്തെ സംസാരം. എന്നാല്‍ ബി.എസ് 6 ചട്ടങ്ങളുടെ ഭാഗമായി വാഹന വിലയില്‍ ചെറിയ മാറ്റമുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുള്ളറ്റിന്റെ വില കളയുമോ?
അതേസമയം, പലരുടെയും മനസില്‍ കരുത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ബുള്ളറ്റില്‍ 250 സിസി എഞ്ചിന്‍ വക്കുന്നത് ക്രൂരതയാണെന്ന് വാദിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇതിനോടകം തന്നെ പല കമ്പനികളും വാഹനങ്ങളിറക്കി ഹിറ്റായ 250 സിസി സെഗ്‌മെന്റില്‍ അത്ഭുതം സൃഷ്ടിക്കാനാകും ബുള്ളറ്റ് 250ന്റെ വരവെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്തായാലും 250 സിസി സെഗ്‌മെന്റില്‍ നിലവിലുള്ള കെ.ടി.എം 250 ഡ്യൂക്ക്, സുസുക്കി ജിഗ്‌സര്‍ 250, ടി.വി.എസ് റോനിന്‍, ബജാജ് പള്‍സര്‍ എന്‍ 250, ഡോമിനര്‍ 250 തുടങ്ങിയ മോഡലുകള്‍ക്ക് പണിയാകുമെന്ന് ഉറപ്പാണ്.
അടുത്ത കുറച്ച് മാസങ്ങള്‍ ഗറില്ല 450, ക്ലാസിക് 650, പുതിയ ക്ലാസിക് 350 തുടങ്ങിയ മോഡലുകള്‍ ഇറക്കുന്ന തിരക്കിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 650 സിസിയില്‍ സ്‌ക്രാംബ്ലര്‍ മോഡലില്‍ ഒരു ബൈക്കും കമ്പനിയുടെ മനസിലുണ്ട്. ഇതെല്ലാം കഴിഞ്ഞ് 2026-27 വര്‍ഷങ്ങളിലാകും 250 സിസി ബുള്ളറ്റ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Tags:    

Similar News