ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ വരുന്നു
ചെലവു കുറയ്ക്കാന്‍ പ്രാദേശിക വകഭേദമായിരിക്കും മൂന്നാം തലമുറ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുക
ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാര്‍ വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (TPEAM) ഉപകമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും (JLR) തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.
ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യയിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ജെ.എല്‍.ആറിന്റെ ഇലക്ട്രിക് മോട്ടറുകളും ബാറ്ററി പാക്കുകളും കൂടാതെ നിര്‍മാണ സാങ്കേതികവിദ്യകളും ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കും.
ഈ പ്ലാറ്റ്‌ഫോമില്‍ ജെ.എല്‍.ആര്‍ ഇതുവരെ കാറുകള്‍ അവതരിപ്പിച്ചിട്ടില്ല. 2024 ഓടെ ആദ്യ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021ലാണ് ജെ.എല്‍.ആര്‍ ബോണ്‍ ഇലക്ട്രിക് ഇ.എം.എ ആര്‍ക്കിടെക്ച്വര്‍ അവതരിപ്പിച്ചത്. വെലാര്‍, ഇവോക്ക്, ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നീ മോഡലുകളാണ് ഈ ആര്‍കിടെക്ചറില്‍ ഒരുങ്ങുന്നത്. വേലാര്‍ ആയിരിക്കും ഇതില്‍ ആദ്യം പുറത്തിറങ്ങുക. 2024 അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമിന്റെ പ്രാദേശികമായ വകഭേദമായിരിക്കും അവിന്യയിൽ ഉപയോഗിക്കുക.
നാളെയുടെ 'അവിന്യ'
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോഴ്‌സ് അവിന്യ ഇ.വി എന്ന പുതിയ ഇലക്ട്രിക് എസ്.യു.വി കണ്‍സെപ്റ്റ് പുറത്തിറക്കിയത്. ടാറ്റയുടെ പുതിയ ലോഗോയുമേന്തി ആദ്യം അവതരിക്കുന്ന വാഹനമായിരിക്കും ടാറ്റയുടെ ജനറേഷന്‍ 3 പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള അവിന്യ.
ടാറ്റാ മോട്ടോഴ്‌സിന് അവിന്യ സീരീസ് വിദേശ വിപണിയിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള ടാറ്റ വാഹനങ്ങളേക്കാള്‍ പ്രീമീയം നിലവാരത്തിലുള്ളവയായിരിക്കും ഇവ. അവിന്യ സീരീസിലെ ആദ്യ മോഡല്‍ 2025ല്‍ പുറത്തെത്തും. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും അവിന്യ സീരീസില്‍ അവതരിപ്പിക്കുക. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ടാകില്ല.