ഇന്ത്യക്കായി ജര്‍മനിയില്‍ കാര്‍ നിര്‍മ്മാണം ആരംഭിച്ച് ടെസ്‌ല; ഇന്ത്യയില്‍ ഇ.വി പ്ലാന്റിന് പരിഗണിക്കുക ഈ മൂന്ന് സംസ്ഥാനങ്ങള്‍
ഇ.വി പ്ലാന്റിന് സ്ഥലം കണ്ടെത്താന്‍ ടെസ്‌ലയുടെ സംഘം ഉടന്‍ ഇന്ത്യയിലേക്ക്
ഇന്ത്യന്‍ വൈദ്യുത വാഹന (ഇ.വി) വിപണിയില്‍ കുതിക്കാനൊരുങ്ങി ലോകത്തെ മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. ഇന്ത്യന്‍ വിപണിക്കായി ജര്‍മനിയിലെ ബെര്‍ലിന്‍ ഫാക്ടറിയില്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷാവസാനം അവ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ വരെ (ഏകദേശം 16,700 കോടി രൂപ-25,000 കോടി രൂപ) മുതല്‍ മുടക്കില്‍ ഇ.വി പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ മാസം അവസാനം സംഘം ഇന്ത്യയിലെത്തുമെന്നാണ് വിവരം. പ്രധാനമായും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം നടത്തുക.
പുത്തന്‍ നയം തുണയായി
ആഗോള വൈദ്യുത വാഹന നിര്‍മ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിട്ട് പുതിയ വൈദ്യുത വാഹനനയം അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. മുന്‍നിര ഇ.വി നിര്‍മ്മാണ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വൈദ്യുത വാഹന പ്ലാന്റ് തുറക്കാനും കുറഞ്ഞ നികുതിനിരക്കില്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനും വഴിയൊരുക്കുന്നതാണ് പുത്തന്‍ നയം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപവുമായി ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച പുതിയ നയം. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണിത്.
Read more: വൈദ്യുത വാഹനനയം പൊളിച്ചെഴുതി കേന്ദ്രം; ടെസ്‌ലയ്ക്കും വഴി തെളിഞ്ഞു, വില ഇങ്ങനെ
ടെസ്‌ലയുടെ വരവ്
വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് ദീര്‍ഘകാലമായി ടെസ്‌ല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുന്നതോടെ പുതിയ നയം പ്രകാരം 15 ശതമാനം തീരുവ നല്‍കി വൈദ്യുതി വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ടെസ്‌ലയ്ക്ക് കഴിയും. ഇന്ത്യയില്‍ ടെസ്‌ലയുടെ വില ഏകദേശം 45 ലക്ഷം രൂപയില്‍ താഴെയാകാം. കാര്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ പ്ലാന്റില്‍ കമ്പനി 3 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം നടത്തുകയും മറ്റ് പങ്കാളികളില്‍ നിന്നും 10 ബില്യണ്‍ ഡോളറും നേടും.
ടെസ്‌ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ഇ.വി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും. മാത്രമല്ല ഇന്ത്യയിലേക്കുള്ള വരവ് ഇ.വി വിപണിയില്‍ മികവുറ്റ പ്രകടനം കാഴ്ച വെയ്ക്കുന്ന അമേരിക്കയ്ക്കും ചൈനയ്ക്കും വൈകാതെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 2023ല്‍ ഇന്ത്യയിലെ മൊത്തം കാര്‍ വില്‍പ്പനയുടെ ഏകദേശം 2 ശതമാനം വൈദ്യുത വാഹനങ്ങളാണ്. 2030ഓടെ ഇത് 30 ശതമാനമാക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.