മാരുതി സുസുക്കിയുടെ സഹകരണത്തോടെ നിര്‍മിച്ച ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. രൂപത്തിലും ഭാവത്തിലും ഫീച്ചറുകളിലുമെല്ലാം ബലീനോയ്ക്ക് തികച്ചും സമാനമാണ് ഗ്ലാന്‍സ. 10,000 രൂപ നല്‍കി ഡീലര്‍ഷിപ്പ് ഷോറൂമുകളില്‍ വാഹനം ബുക്ക് ചെയ്യാനാകും.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സംവിധാനങ്ങളോടെയാണ് ഇതിന്റെ സ്മാര്‍ട്ട് പ്ലേകാസ്റ്റ് സിസ്റ്റം വരുന്നത്. ഏഴിഞ്ഞ് ഡിസ്‌പ്ലേയോട് കൂടിയ ഇതില്‍ വോയ്‌സ് കമാന്‍ഡ്‌സ്, യു.എസ്.ബി, ബ്ലൂടൂത്ത്, AUX തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഗ്ലാന്‍സയോടൊപ്പം ഒരു വര്‍ഷത്തേക്ക് സൗജന്യമായി ടൊയോട്ട കണക്റ്റ് ആപ്പ് ട്രയല്‍ ആയി ഉപയോഗിക്കാം.
രണ്ട് എന്‍ജിന്‍ വകഭേദങ്ങളും രണ്ട് എന്‍ജിന്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമാണ് ഇതിലുള്ളത്. ജി, വി എന്നീ വകഭേദങ്ങളാണ് ഗ്ലാന്‍സയിലുള്ളത്. പെട്രോള്‍ എന്‍ജിനുകള്‍ മാത്രമേയുള്ളു. പുതിയ സുസുക്കി കെ12എന്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനോട് കൂടിയാണ് ടൊയോട്ട ഗ്ലാന്‍സ ജി സ്മാര്‍ട്ട് ഹൈബ്രിഡ് വരുന്നത്. ഇതില്‍ ബലീനോയ്ക്കുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1.2 ലിറ്റര്‍ കെ12എം എന്‍ജിനും ഗ്ലാന്‍സയില്‍ ലഭ്യമാകും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുണ്ട്.
ബലീനോ, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 എന്നിവയായിരിക്കും ഗ്ലാന്‍സയുടെ മുഖ്യ എതിരാളികള്‍.