ചിപ്പ് ക്ഷാമം മാറുന്നു; മേയിലെ കാര്‍ വില്‍പ്പനയില്‍ 13.54% കുതിപ്പ്

കഴിഞ്ഞമാസം ആകെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത് 18.08 ലക്ഷം വാഹനങ്ങള്‍

Update: 2023-06-14 05:06 GMT

കാറുകളുടെ മൊത്ത വില്‍പ്പന മേയില്‍ 13.54 ശതമാനം വര്‍ധിച്ച് 3.34 ലക്ഷമായെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) അറിയിച്ചു. സിയാമിന്റെ കണക്കുകള്‍ പ്രകാരം 2022 മേയില്‍ 2.94 ലക്ഷം ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്.

മൊത്ത വാഹന വില്‍പ്പന

ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞമാസം 17.42 ശതമാനം വളര്‍ച്ചയോടെ 14.71 ലക്ഷം ഇരുചക്ര വാഹനങ്ങളും ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്കെത്തി. 2022 മേയില്‍ ഇത് 12.53 ലക്ഷമായിരുന്നു. 2022 മേയിലെ 28,595 വാഹനങ്ങളെ അപേക്ഷിച്ച് മുച്ചക്ര വാഹനങ്ങളുടെ മൊത്തവ്യാപാരം 48,732 എണ്ണമായി ഉയര്‍ന്നു. ഇതോടെ എല്ലാ വിഭാഗം ശ്രേണികളിലുമായി ഡീലര്‍ഷിപ്പുകളിലേക്കെത്തിയ ആകെ വാഹനങ്ങള്‍ 18.08 ലക്ഷമായി. 2022 മേയില്‍ ഇത് 15.32 ലക്ഷമായിരുന്നു. 

മികച്ച വളര്‍ച്ച രേഖപ്പെടുത്തി

എല്ലാ വിഭാഗങ്ങളും 2022 മേയ് മാസത്തെ അപേക്ഷിച്ച് 2023 മേയ് മാസത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്നും നിലവിലുള്ള സാമ്പത്തിക അന്തരീക്ഷത്തിന്റെ പിന്തുണയോടെ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എസ്.ഐ.എ.എം പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പറഞ്ഞു. മേയ് മാസത്തിലെ വില്‍പ്പനയില്‍ കമ്പനികളില്‍ ഒന്നാമന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ്.രണ്ടാം സ്ഥാനത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായ് കമ്പനിയുമാണ്.

ഉത്പാദനം വര്‍ധിച്ചു

സെമികണ്ടക്ടര്‍ (ചിപ്പ്) വിതരണം മെച്ചപ്പെട്ട രീതിയില്‍ നടന്നതോടെ മേയ് മാസത്തില്‍ വാഹനങ്ങളുടെ ഉത്പാദനത്തില്‍ 8 ശതമാനം വളര്‍ച്ച കൈവരിച്ചതായും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അറിയിച്ചു. ഉത്പാദനത്തില്‍ മുച്ചക്ര വാഹനങ്ങള്‍ 20 ശതമാനവും, പാസഞ്ചര്‍ വാഹനങ്ങള്‍ 16 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News