മാര്‍ച്ച് പാദത്തില്‍ ബാങ്കുകളുടെ സാമ്പത്തികം ശക്തം; വായ്പയും അറ്റ പലിശ മാര്‍ജിനും വര്‍ധിക്കും
വായ്പകളില്‍ 15.7 ശതമാനവും അറ്റാദായത്തില്‍ 46 ശതമാനവും വളര്‍ച്ച പ്രതീക്ഷീക്കുന്നു
പ്രമുഖ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 2022 -23 മാര്‍ച്ച് പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിടുമെന്ന് പ്രതീക്ഷ. ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ 2022 -23 മാര്‍ച്ച് പാദത്തില്‍ 15.7 ശതമാനവും 2023 -24 മാര്‍ച്ച് പാദത്തില്‍ 13.3 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ്റ് സര്‍വീസസ് അഭിപ്രായപ്പെട്ടു.
റീറ്റെയ്ല്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വിഭാഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഭവന വായ്പകള്‍, വാഹന വായ്പ, ചെറുകിട ബിസിനസ് വായ്പാ വിഭാഗത്തില്‍ നേട്ടം കൈവരിച്ചു. സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 23 ശതമാനം വളര്‍ച്ച കൈവരിക്കും, അറ്റ പലിശ മാര്‍ജിന്‍ 30 ശതമാനം വളര്‍ച്ച നേടും.
പ്രതീക്ഷയുള്ള ബാങ്കുകള്‍
ഐ.സി.ഐ.സി.ഐ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് , എസ്.ബി.ഐ എന്നി ബാങ്കിംഗ് ഓഹരികളിലാണ് മോത്തിലാല്‍ ഒസ്വാള്‍ വാങ്ങല്‍ (Buy) നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആക്‌സിസ് ബാങ്ക് : ഈ ഓഹരി നേരിയ മുന്നേറ്റത്തിലാണ്. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ വായ്പയില്‍ 16 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ ബാലന്‍സ് ഷീറ്റ്, മാര്‍ജിന്‍, ലാഭ ക്ഷമതയില്‍ വളര്‍ച്ച എന്നിവയാണ് ആക്‌സിസ് ബാങ്കിന്റെ ശക്തി.
ഐ.സി.ഐ.സി.ഐ ബാങ്ക് : റീറ്റെയ്ല്‍, ബിസിനസ് ബാങ്കിംഗ് രംഗത്ത് ശക്തമായ വളര്‍ച്ച കൈവരിച്ചു. വായ്പ തിരിച്ചടവില്‍ ഉണ്ടായ കുറവുകള്‍ പരിഹരിച്ച് വരും പാദങ്ങളില്‍ മെച്ചപ്പെട്ട നേട്ടം കൈവരിക്കും.
ഫെഡറല്‍ ബാങ്ക് : മൊത്തം വായ്പകളില്‍ റീറ്റെയ്ല്‍ വായ്പകളുടെ പങ്ക് 2019 ല്‍ 28.4 ശതമാനമായിരുന്നത് 32 ശതമാനമായി വര്‍ധിച്ചു. വായ്പകള്‍ നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്, 100 കോടി രൂപയില്‍ കൂടുതല്‍ ഉള്ള വായ്പകളില്ല. വായ്പകളില്‍ ശക്തമായ വളര്‍ച്ച ഉള്ളത് കൊണ്ട് പ്രവര്‍ത്തന ഫലം മെച്ചപ്പെടും. ശമ്പള അക്കൗണ്ടുകളും വര്‍ധിക്കുന്നുണ്ട്. മറ്റ് ഇടത്തരം ബാങ്കുകളെ അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന് ഫണ്ട് ചെലവുകള്‍ കുറവാണ്.
എസ്.ബി.ഐ : പൊതുമേഖല ബാങ്കുകളില്‍ എസ്.ബി.ഐയുടെ ആസ്തികള്‍ മെച്ചപ്പെട്ടിട്ടുണ്ട്, റീറ്റെയ്ല്‍ ബിസിനസിലും ശക്തമായ വളര്‍ച്ച തുടരാനാണ് സാധ്യത. ഫണ്ട് ചെലവുകള്‍ മിതപ്പെടുത്താനും വരുമാനം വര്‍ധിക്കാനുമുള്ള സാധ്യത ഉണ്ട്.
സ്മാള്‍ ഫിനാന്‍സ് ബാങ്കുകളില്‍ എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്കും ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്കും മാര്‍ച്ച് പാദത്തില്‍ മെച്ചപ്പെട്ട ഫലം പുറത്തുവിടുമെന്ന് മോത്തിലാല്‍ ഒസ്വാള്‍ അഭിപ്രായപ്പെട്ടു.