ചെറുകിട സംരംഭക വായ്പകളില്‍ കിട്ടാക്കടം കൂടുന്നു
റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍
ബാങ്കുകളില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എം.എസ്.എം.ഇ) വായ്പകളില്‍ കിട്ടാക്കടനിരക്ക് (മൊത്തം എന്‍.പി.എ) കൂടുന്നു. ഇതിലേറെയും കൊവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വായ്പകളായതിനാല്‍, ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് കാലത്ത് അനുവദിച്ചതും കിട്ടാക്കടമായതുമായ വായ്പകളെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബാങ്കുകളുടെ പ്രധാന ആവശ്യം. ഇത് ലാഭത്തില്‍ നിന്ന് നിശ്ചിതതുക കിട്ടാക്കടം തരണം ചെയ്യാനായി മാറ്റിവയ്ക്കുന്ന (പ്രൊവിഷനിംഗ് ബാദ്ധ്യത) നടപടിയില്‍ ആശ്വാസമാകുമെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുന്ന കിട്ടാക്കടം
കൊവിഡിന് മുമ്പ്, 2019-20ല്‍ എം.എസ്.എം.ഇ വായ്പകളിലെ മൊത്തം കിട്ടാക്കടനിരക്ക് 8.9 ശതമാനമായിരുന്നത് തൊട്ടടുത്തവര്‍ഷം 7.3 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം (2021-22) ഇത് 7.6 ശതമാനമായി ഉയര്‍ന്നു.
കൊവിഡ് കാലത്ത് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം (പണലഭ്യത) ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇ.സി.എല്‍.ജി.എസ്) പ്രഖ്യാപിച്ചിരുന്നു. ഇതുവഴി അനുവദിച്ചതില്‍ 95.17 ശതമാനവും എം.എസ്.എം.ഇ വായ്പകളാണ്.
തൊഴിലും സംരംഭങ്ങളും
ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം എം.എസ്.എം.ഇ വായ്പകള്‍ നിലവില്‍ 20.44 ലക്ഷം കോടി രൂപയാണ്. ഇ.സി.എല്‍.ജി.എസില്‍ ഇതുവരെ എം.എസ്.എം.ഇകള്‍ക്ക് 2.40 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇ.സി.എല്‍.ജി.എസിന്റെ നേട്ടം ലഭിച്ചത് 14.6 ലക്ഷം എം.എസ്.എം.ഇകള്‍ക്കാണ്. 16.5 ലക്ഷം തൊഴിലും ഇതുവഴി സംരക്ഷിച്ചു.