ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശ നിരക്കുയര്‍ത്തി കനറാ ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം
ആര്‍ബിഐ റീപോ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നിരക്കുയര്‍ത്തല്‍. ആര്‍ക്കൊക്കെ പ്രയോജനമാകുമെന്ന് നോക്കാം.
ആര്‍ബിഐ റീപോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല ബാങ്കായ കനറാ ബാങ്ക് (Canara Bank) ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകളും (Fixed Deposit Rates) വര്‍ധിപ്പിച്ചു. 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്ക് (Interest rates) ആണ് വര്‍ധിപ്പിച്ചിട്ടുള്ളത്. സ്ഥിര നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് ഇന്നലെ മുതല്‍ (ഓഗസ്റ്റ് 8) നിലവില്‍ വന്നു.
ഏഴ് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് കനറാ ബാങ്ക് പലിശ വര്‍ധിപ്പിച്ചിരിക്കുന്നത്. 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് പുതുക്കിയ നിരക്കുകള്‍ നില്‍ക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് () 2.90 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍. Senior Citizen
പുതുക്കിയ നിരക്കുകള്‍
ഏഴ് ദിവസം മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം പലിശ നല്‍കുന്നത് തുടരും. 46 മുതല്‍ 90 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനം പലിശ നല്‍കും. 91 മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.05 ശതമാനമാണ് നിരക്ക്. 180 മുതല്‍ 269 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.50 ശതമാനത്തില്‍ നിന്ന് 4.65 ശതമാനം ആക്കി പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
270 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കനറാ ബാങ്ക് ഇപ്പോള്‍ 4.65 ശതമാനം പലിശ നല്‍കും. മുമ്പ് ഇത് 4.55 ശതമാനം ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.30 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം 333 ദിവസത്തെ സ്‌കീമിന്റെ പലിശ നിരക്ക് 5.10 ശതമാനമായി നിലനിര്‍ത്തി.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നേരത്തെ 5.40 ശതമാനമായിരുന്നു. 666 ദിവസത്തെ നിയക്ഷേപ സ്‌കീമിന് കീഴില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 6 ശതമാനം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.5 ശതമാനമാണ് ഇതിന്റെ നിരക്ക്.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം പലിശ നിരക്ക് നല്‍കും. മുമ്പ് ഇത് 5.45 ശതമാനമായിരുന്നു. 3 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 5.75 ശതമാനം പലിശ നല്‍കും, മുമ്പ് ഇത് 5.70 ശതമാനമായിരുന്നു.