കാനറാ ബാങ്കിന്റെ അറ്റാദായത്തിൽ 116 ശതമാനം വർധന

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലാണ് ബാങ്കിന്റെ നേട്ടം

Update: 2022-01-28 07:00 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 1,502 കോടിയുടെ അറ്റാദായം നേടി കാനറാ ബാങ്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 116 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 696.1 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. മൊത്തം പ്രൊവിഷനുകളിലെ (total provisions) ഇടിവും കിട്ടാക്കടം കുറഞ്ഞതും ബാങ്കിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചു.

അറ്റ പലിശ മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ 2.72 ശതമാനത്തില്‍ നിന്ന് 2.83 ശതമാനമായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റപലിശ വരുമാനം 14 ശതമാനം ഉയര്‍ന്ന് 6,946 കോടി രൂപയായി.മുന്‍വര്‍ഷം 7.46 ശതമാനം ആയിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 7.8 ശതമാനം ആണ്. ഡിസംബര്‍ പാദത്തില്‍ കിട്ടാക്കടങ്ങളില്‍ നിന്ന് 2,784 കോടി രൂപയാണ് ബാങ്ക് തിരിച്ചു പിടിച്ചത്.
മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 10 ശതമാനം ഉയര്‍ന്ന് 5,803 കോടിയായി. മൊത്തം പ്രൊവിഷനുകള്‍ മുന്‍വര്‍ഷത്തെ 4,210 കോടിയില്‍ നിന്ന് 47 ശതമാനം ഇടിഞ്ഞ് 2245 കോടി ആയതാണ് അറ്റലാഭം വന്‍തോതില്‍ ഉയര്‍ത്തിയത്. അതേ സമയം ആകെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53 കോടി കുറഞ്ഞ് 21,312 കോടി രൂപയിലെത്തി.


Tags:    

Similar News