കമ്പനികള്‍ക്ക് വായ്പ നല്‍കുന്നത് ഓഹരി വില നോക്കിയല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ഏതെങ്കിലും ഒരു വ്യക്തിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്നും ശക്തികാന്ത ദാസ്
ബാങ്കുകള്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നത് വിപണി മൂല്യം നോക്കിയല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിസിനസ് നോക്കിയാണ് അവര്‍ തീരുമാനം എടുക്കുന്നത്. ബിസിനസ് നോക്കിയാണ് തീരുമാനം എടുക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്നും മേഖല ശക്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍, കമ്പനികളുടെ പണ ലഭ്യത, പ്രോജക്ട് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കും. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ നല്‍കിയ വായ്പയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ അദാനിയുടെ പേര് സൂചിപ്പിക്കാതെയാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലെ ഗവര്‍ണറുടെ പരാമര്‍ശം.
80,000 കോടി രൂപയുടെ വായ്പ
ബാങ്കുകള്‍ ഈട് വാങ്ങിയാണ് വായ്പകള്‍ നല്‍കുന്നതെന്നാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എംകെ ജയിന്‍ പറഞ്ഞത്. ഏകദേശം 80,000 കോടി രൂപയുടെ വായ്പകളാണ് ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. 27,000 കോടി രൂപ നല്‍കിയ എസ്ബിഐയാണ് വായ്പാ ദാതാക്കളില്‍ മുന്നില്‍. അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പകളില്‍ ആശങ്കപ്പെടേണ്ടെന്ന് എസ്ബിഐ അടക്കമുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.