എക്കാലത്തെയും ഉയര്‍ന്ന അറ്റാദായവുമായി ഫെഡറല്‍ ബാങ്ക്

ജൂണ്‍-ഏപ്രില്‍ പാദത്തില്‍ 601 കോടി രൂപയാണ് കേരളം ആസ്ഥാനമായുള്ള ഈ ബാങ്ക് നേടിയ അറ്റാദായം

Update:2022-07-15 16:10 IST

എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായവുമായി കേരള ബാങ്കായ ഫെഡറല്‍ ബാങ്ക് (Federal Bank). 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായം 64 ശതമാനം വര്‍ധിച്ച് 601 കോടി രൂപയായി ഉയര്‍ന്നു. ഇക്കാലയളവില്‍ 973 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 367.29 കോടി രൂപയായിരുന്നു ആലുവ  ആസ്ഥാനമായുള്ള ബാങ്കിന്റെ അറ്റാദായം. മാര്‍ച്ച് പാദത്തില്‍ 540.54 കോടി രൂപ.

2022 ജൂണ്‍ 30 വരെയുള്ള ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2.69 ശതമാനമായി കുറഞ്ഞു. 2021 ജൂണ്‍ പാദത്തില്‍ ഇത് 3.50 ശതമാനമായിരുന്നു. കിട്ടാക്കടം 2021-22 ജൂണ്‍ പാദത്തിലെ 4,649.33 കോടി രൂപയില്‍നിന്ന് 4,155.33 കോടി രൂപയായും കുറഞ്ഞു.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 1418 കോടി രൂപയില്‍ നിന്ന് 1605 കോടി രൂപയായി മെച്ചപ്പെട്ടപ്പോള്‍ മൊത്തം വരുമാനം രണ്ട് ശതമാനം വര്‍ധിച്ച് 4,004 കോടി രൂപയില്‍ നിന്ന് 4,081 കോടി രൂപയായി.

2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ബാങ്കിന്റെ സാമ്പത്തിക പ്രകടനം വളരെ പ്രോത്സാഹജനകമാണെന്നും കാലാകാലങ്ങളില്‍ ബാങ്ക് കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്ര പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതായും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ''ഞങ്ങള്‍ ശക്തമായ ക്രെഡിറ്റ് വളര്‍ച്ച കൈവരിച്ചു, അതേസമയം മൊത്തത്തിലുള്ള ചെലവുകള്‍ നന്നായി കൈകാര്യം ചെയ്തു, അതിന്റെ ഫലമാണ് എക്കാലത്തെയും ഉയര്‍ന്ന ലാഭം,'' ശ്രീനിവാസന്‍ പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ കാലയളവിലെ 2,99,158 കോടി രൂപയില്‍ നിന്ന് 3,35,045 കോടി രൂപയിലെത്തി. 12 ശതമാനത്തിന്റെ വളര്‍ച്ച. ഈ കാലയളവില്‍ നിക്ഷേപങ്ങള്‍ 1,69,393 കോടി രൂപയില്‍ നിന്ന് 8 ശതമാനം വര്‍ധിച്ച് 1,83,355 കോടി രൂപയായി.

ഇന്ന് 1.49 ശതമാനം നേട്ടത്തോടെ 98.65 രൂപയിലാണ് ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News