ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ₹960 കോടി സമാഹരിക്കാനൊരുങ്ങുന്നു

ജൂലൈ 21 ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമാകും

Update:2023-07-19 16:36 IST

Image Courtesy: Vijay/Dhanam

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗ് അനുസരിച്ച് ലോകബാങ്കിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന് 131.91 രൂപയില്‍ കൂടാത്ത വിലയില്‍ 7.26 കോടി പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി. ഏകദേശം 960 കോടി രൂപയുടെ ഓഹരികളാണിത്. ജൂലൈ 21 ന് നടക്കുന്ന മീറ്റിംഗില്‍ ബോര്‍ഡ് ഇതേ കുറിച്ച് തീരുമാനമെടുക്കും

ഇതോടെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐ.എഫ്.സി), ഐ.എഫ്.സി ഫിനാന്‍ഷ്യല്‍ ഗ്രോത്ത് ഫണ്ട്, ഐ.എഫ്.സി എമേര്‍ജിംഗ് ഏഷ്യ ഫണ്ട് എന്നിവയുടെ കൈവശമുള്ള ഫെഡറല്‍ ബാങ്കിന്റെ മൊത്തം ഓഹരികള്‍ 17.75 കോടിയാകും.

ഡെറ്റ് ഫണ്ടുകളും പുറത്തിറക്കും

ഐ.ടി-1 ബോണ്ടുകള്‍, ടിയര്‍ 2 ബോണ്ടുകള്‍, ലോംഗ് ടേം ബോണ്ടുകള്‍, മസാല ബോണ്ടുകള്‍, ഇ.എസ്.ജി ബോണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡെറ്റ് സെക്യൂരിറ്റികള്‍ ഇഷ്യു ചെയ്യുന്നതിനെ കുറിച്ചും ബോര്‍ഡ് തീരുമാനമെടുക്കും.

ഫെഡ്ഫിന ഐ.പി.ഒയ്ക്ക്

അതേസമയം, ഫെഡറല്‍ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) ഫെഡ്ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്(ഫെഡ്ഫിന/എലറഎശിമ) പ്രാരംഭ ഓഹരിവില്‍പ്പനയ്ക്കായി തയ്യാറെടുക്കുന്നുണ്ട്. ജൂലൈ 17 ന് ചേര്‍ന്ന ഫെഡ്ഫിന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.

ഓഹരിയിൽ നേരിയ വർധന 

ഓഹരി വില്‍പ്പന വാര്‍ത്തകളെ തുടര്‍ന്ന് ഫെഡറൽ ബാങ്ക് ഓഹരി വില ഇന്ന് രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 0.52% നേട്ടത്തോടെ 135.65 രൂപയിലാണ് ഓഹരിയുള്ളത്. ഈ വര്‍ഷം ഇതു വരെ ഓഹരി മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി 25% ഉയര്‍ന്നിട്ടുണ്ട്.

നീക്കിയിരുപ്പ് ബാധ്യത ക്രമാനുഗതമായി വര്‍ധിച്ചതിനാല്‍ ജൂണില്‍ അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം മുന്‍ പാദത്തേക്കാള്‍ 5.41 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ലാഭം 854 കോടി രൂപയാണ്. മുന്‍ പാദത്തിലിത് 903 കോടി രൂപയായിരുന്നു.

Tags:    

Similar News