കോവിഡിനിടയിലും റെക്കോര്‍ഡ് ലാഭവുമായി ബാങ്കുകള്‍
ആകെ ലാഭത്തിന്റെ പകുതിയും എച്ച്ഡിഎഫ്‌സിയും എസ്ബിഐയും ചേര്‍ന്ന് നേടിയതാണ്
കോവിഡ് 19 വ്യാപനവും ലോക്ക് ഡൗണുമൊക്കെയായി രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും റെക്കോര്‍ഡ് നേട്ടവുമായി ബാങ്കിംഗ് മേഖല. 2020-21 സാമ്പത്തിക വര്‍ഷം 1,02,252 കോടി രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ ലാഭം നേടിയത്. തൊട്ടു മുന്‍ വര്‍ഷം ബാങ്കിംഗ് മേഖല 5000 കോടി രൂപ നഷ്ടം നേരിട്ടിരുന്നു.
ബാങ്കുകള്‍ നേടിയ ലാഭത്തില്‍ പകുതിയും എച്ച്ഡിഎഫ്‌സിയും എസ്ബിഐയും ചേര്‍ന്ന് നേടി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭം 31,116 കോടി രൂപയാണ്. അതായത് ബാങ്കുകള്‍ നേടിയ ആകെ ലാഭത്തിന്റെ 30 ശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധന.
ലാഭത്തില്‍ 20 ശതമാനം നേടി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ തൊട്ടുപിന്നിലുണ്ട്. 20,410 കോടി രൂപയാണ് ലാഭം. 16,192 കോടി രൂപ ലാഭവുമായി ഐസിഐസിഐ ബാങ്ക് മൂന്നാമതുണ്ട്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ഏകദേശം ഇരട്ടിയിലേറെ ലാഭം നേടാന്‍ ഐസിഐസിഐ ബാങ്കിനായി.
പൊതുമേഖലാ ബാങ്കുകളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. പഞ്ചാബ് & സിന്ധ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മാത്രമാണ് നഷ്ടമുണ്ടാക്കിയത്.
സ്വകാര്യ ബാങ്കുകളില്‍ യെസ് ബാങ്ക് 3462 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നഷ്ടം രേഖപ്പെടുത്തിയ ബാങ്കുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം നടത്തിയെന്നതും ശ്രദ്ധേയം.