ഇന്ത്യക്കാര്‍ക്കിഷ്ടം യു.പി.ഐ; എ.ടി.എമ്മില്‍ പോകുന്നത് കുറച്ചു
കേരളത്തില്‍ ശരാശരി യു.പി.ഐ ഇടപാട് 1600-1800 രൂപ; യു.പി.ഐ ഉപയോഗം ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളിലും അര്‍ദ്ധനഗരങ്ങളിലും
രാജ്യത്ത് യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണം കൈമാറ്റം വര്‍ദ്ധിച്ചതോടെ ഇന്ത്യക്കാര്‍ എ.ടി.എമ്മില്‍ പോകുന്നത് കുറച്ചുവെന്ന് എസ്.ബി.ഐയുടെ ഗവേഷണവിഭാഗം പുറത്തുവിട്ട 'എക്കോറാപ്പ്' റിപ്പോര്‍ട്ട്. 2016 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഇടപാടുകളാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചത്.
യു.പി.ഐ വഴി ഓരോ രൂപ കൈമാറ്റം ചെയ്യപ്പെടുമ്പോഴും ഡെബിറ്റ് കാര്‍ഡ് (എ.ടി.എം കാര്‍ഡ്) വഴിയുള്ള പണമിടപാടുകളില്‍ 18 പൈസയുടെ കുറവാണുണ്ടാകുന്നത്. നേരത്തേ പ്രതിതവര്‍ഷം ശരാശരി 16 തവണ എ.ടി.എമ്മില്‍ പോയിരുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ എട്ട് തവണയേ എ.ടി.എമ്മിലെത്തുന്നുള്ളൂ.
2016-17ല്‍ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 154 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ ഇന്ത്യക്കാര്‍ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചത് ഇതിന്റെ 15.4 ശതമാനം മതിക്കുന്ന തുകയായിരുന്നു (ATM withdrawal GDP Ratio). കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ജി.ഡി.പി മൂല്യം 272 ലക്ഷം കോടി രൂപയാണ്. എന്നാല്‍, എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 12.1 ശതമാനം തുക മാത്രമാണെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.
മുന്നില്‍ ഗ്രാമങ്ങളും അര്‍ദ്ധനഗരങ്ങളും
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറ്റവും കൂടുതല്‍ മെട്രോ നഗരങ്ങളിലായിരിക്കുമെന്ന ധാരണകള്‍ തിരുത്തുകയാണ് യഥാര്‍ത്ഥ കണക്കുകളെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം യു.പി.ഐ ഇടപാടുകളുടെ 60 ശതമാനവും ഗ്രാമ, അര്‍ദ്ധ നഗരങ്ങളിലാണ്. അര്‍ദ്ധനഗരങ്ങളാണ് (Semi-urban) 35 ശതമാനവുമായി മുന്നില്‍. 25 ശതമാനവുമായി ഗ്രാമങ്ങള്‍ രണ്ടാമതാണ്. മെട്രോകളിലും നഗരങ്ങളിലും 20 ശതമാനം വീതം.
90 ശതമാനവും 15 സംസ്ഥാനങ്ങളില്‍
രാജ്യത്ത് യു.പി.ഐ ഇടപാടുകളുടെ 90 ശതമാനവും നടക്കുന്നത് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 8-12 ശതമാനം വിഹിതവുമായി ആന്ധ്രാ, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നിവയാണ് മുന്നില്‍. ഇവിടങ്ങളില്‍ ഓരോ ഇടപാടുകാരനും ശരാശരി കൈമാറ്റം ചെയ്യുന്നത് (ആവറേജ് ടിക്കറ്റ് സൈസ്) 2,000-2,200 രൂപയാണ്.
5-8 ശതമാനവുമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, ബംഗാള്‍ എന്നിവ രണ്ടാംശ്രേണിയിലാണ്. ഇവിടങ്ങളിലെ ശരാശരി യു.പി.ഐ ഇടപാട് 1,800-2,000 രൂപ. കേരളം, മദ്ധ്യപ്രദേശ്, ഗുജറാത്ത്, അസാം, ഹരിയാന, ഒഡീഷ എന്നിവ ഉള്‍പ്പെടുന്ന മൂന്നാംശ്രേണിയുടെ വിഹിതം 2-5 ശതമാനമാണ്; ശരാശരി ടിക്കറ്റ് സൈസ് 1,600-1,800 രൂപ.