യെസ് ബാങ്ക് വീണ്ടും നിക്ഷേപ ശ്രദ്ധ നേടുന്നുവോ? കഴിഞ്ഞ നാല് ദിവസം മാത്രം ഉയര്‍ന്നത് 29 ശതമാനം
രണ്ട് അനുകൂല വാര്‍ത്തകള്‍ യെസ് ബാങ്ക് ഓഹരി മുന്നേറ്റത്തിന് കാരണമായി
ഏറെ നാളായി വിവിധ കാരണങ്ങളാല്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച യെസ് ബാങ്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി ഓഹരി വിപണിയില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്.
സ്വതവേ ഉയര്‍ന്ന മാര്‍ക്കറ്റിന്റെ ട്രെന്‍ഡിനോടൊപ്പം നീങ്ങുന്ന ഒരു പ്രവണത കൊണ്ടാണോ അതോ ബാങ്കിന്റെ പ്രകടനത്തില്‍ ഉള്ള എന്തെങ്കിലും മെച്ചം കൊണ്ടാണോ സ്‌റ്റോക്ക് ഉയരുന്നത് എന്നതാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
വ്യാഴാഴ്ച 20 രൂപയില്‍ ആരംഭിച്ച യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നു 20.75 രൂപ വരെയായി ഉയരുകയുണ്ടായി. അതിനു തൊട്ടു മുമ്പത്തെ ദിവസം 19.06 രൂപയില്‍ ആയിരുന്നു ക്ലോസ് ചെയ്തത്.
കഴിഞ്ഞ നാല് ദിവസങ്ങളായി തുടര്‍ച്ചയായ നേട്ടം ആണ് വ്യാഴാഴ്ച വരെ ബാങ്ക് കരസ്ഥമാക്കിയത്. ഇത്തരത്തില്‍ ഒരു മുന്നേറ്റം കൊണ്ട് യെസ് ബാങ്കിന് നിഫ്റ്റി ബാങ്കിനെ മറികടന്ന് 28.64 ശതമാനം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഇന്നത്തെ (വെള്ളിയാഴ്ച) വിപണിയില്‍ നിക്ഷേപകര്‍ ബാങ്കിന്റെ സ്‌റ്റോക്കില്‍ ലാഭം എടുക്കാന്‍ ഉള്ള അവസരമായി ആണ് വിനിയോഗിക്കുന്നത്. ഏകദേശം 40 പൈസ താഴ്ന്നു 20.05 രൂപ എന്ന നിലയില്‍ ആണ് ഇന്ന് രാവിലെ 10.40നു ഉള്ള എന്‍ എസ് ഇ വില സൂചിക കാണിക്കുന്നത്. ഇത് ഇന്നലത്തെ വില അപേക്ഷിച്ചു ഏകദേശം രണ്ടു ശതമാനത്തിന്റെ നഷ്ടമാണ് സൂചിപ്പിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ബ്രിക്ക്‌വര്‍ക്ക് റേറ്റിംഗ്‌സ് യെസ് ബാങ്കിന്റെ ബോണ്ടിന്റെ റേറ്റിംഗ് ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്ഇയില്‍ ഓഹരി വില 10 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ബ്രിക്ക്‌വര്‍ക്ക് യെസ് ബാങ്കിന്റെ ടയര്‍ I സബോര്‍ഡിനേറ്റഡ് പെര്‍പെര്‍ച്വല്‍ ബോണ്ടുകളുടെ (ബാസല്‍ II) റേറ്റിംഗ് ഉയര്‍ത്തിയിരുന്നു.
''ബാങ്കിന്റെ ക്യാപിറ്റലൈസേഷന്‍ അനുപാതം, ശക്തമായ ഷെയര്‍ഹോള്‍ഡര്‍ ബേസ്, പരിചയസമ്പന്നരായ ബോര്‍ഡ് അംഗങ്ങള്‍ എന്നിവ ആണ് റേറ്റിംഗ് പരിഷ്‌കരണ ഘടകങ്ങള്‍,'' ബ്രിക്ക് വര്‍ക്ക് ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കൂടാതെ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യെസ് ബാങ്ക് സ്‌റ്റോക്കിനെ മിഡ് ക്യാപ്പില്‍ നിന്ന് വലിയ ക്യാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഓഹരി വില ഉയര്‍ത്താന്‍ കാരണമായി.
തുടരെ വന്ന രണ്ടു അനുകൂല വാര്‍ത്തകള്‍ ആണ് യെസ് ബാങ്കില്‍ നിക്ഷേപരുടെ ശ്രദ്ധ വീണ്ടും കൊണ്ട് വരാനുള്ള പ്രധാന കാര്യങ്ങളായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ എംഎസ്‌സിഐ ഇന്ത്യ ഇന്‍ഡെക്‌സില്‍ ബാങ്കിനെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ സ്‌റ്റോക്ക് 40 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
റേറ്റിംഗ് സ്ഥാപനമായ കെയര്‍ റേറ്റിംഗ്‌സ് 2020 നവംബര്‍ 9 ന് ബാങ്കിന്റെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ വര്‍ഷം മാര്‍ച്ചില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ അസാധുവാക്കുകയും ബാങ്കില്‍ 30 ദിവസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ യെസ് ബാങ്ക് ഓഹരികള്‍ 47.6 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്.
യെസ് ബാങ്കിന്റെ അനുകൂല വാര്‍ത്തകള്‍ പലതുമുണ്ടെങ്കിലും ബാങ്കിന്റെ അടുത്ത പാദത്തിലെ പ്രകടനം കൂടി കണക്കിലെടുത്തു മാത്രമേ നിക്ഷേപകര്‍ ഈ സ്‌റ്റോക്കുകളില്‍ പണം നിക്ഷേപിക്കാവു എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പൊതുവെ മാര്‍ക്കറ്റ് നേട്ടങ്ങള്‍ കൊയ്യുന്നതിനോടൊപ്പം ചില ഓഹരികളില്‍ നേട്ടം ഉണ്ടാകുന്നു എന്നത് ആ കമ്പനിയുടെ ഭാവിയിലെ പ്രകടനത്തിന്റെ സൂചികയായി കണക്കാക്കുന്നത് അഭികാമ്യമാകുകയില്ല എന്നവര്‍ കൂട്ടിച്ചേര്‍ത്തു.