എല്‍ഐസിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി; കൊട്ടക് മഹീന്ദ്രയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാം

എല്‍ ഐ സി ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും.

Update: 2021-11-30 12:32 GMT

കൊട്ടക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ എല്‍ഐഎസിക്ക് അനുമതി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും. ഒരു വര്‍ഷമാണ് സമയം. ഇതിനുള്ളില്‍ എല്‍ഐസി നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് അനുമതിയില്‍ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

സെബിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം 1999 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ അംഗീകാരം. സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കില്‍ എല്‍ഐസിക്ക് 4.96 ശതമാനം ഓഹരിയുണ്ട്.
ഉദയ് കൊട്ടക്കിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുമുണ്ട്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രമോട്ടര്‍ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍, കോര്‍പ്പറേഷന്‍ ഐപിഓയ്ക്ക് ഒരുങ്ങുകയാണ്. എല്‍ഐസിയുടെ അഞ്ച് മുതല്‍ 10 ശതമാനം വരെ ഓഹരികള്‍ വിറ്റഴിച്ച് 900 ബില്യണ്‍ രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐപിഒയില്‍ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് എല്‍ഐസിയുടെ കൊടാക് മഹീന്ദ്ര ബാങ്കിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതും.


Tags:    

Similar News