എല്‍ഐസി ഐപിഒ; ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്രം

ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കില്ല

Update:2022-04-06 12:40 IST

എല്‍ഐസിയുടെ ഐപിഒ നടക്കുന്നതിന് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകര്‍ക്ക് ആന്മവിശ്വാസം നല്‍കുന്നതിനും വില ഇടിയാതിരിക്കാനുമായി, ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിറ്റേക്കില്ല. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐപിഒയ്ക്ക് ശേഷം ഓരോ വര്‍ഷവും എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വീതം വില്‍ക്കുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രം കൈവശം വെക്കുന്ന ഓഹരി വിഹിതം 75 ശതമാനമായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. സെബിയുടെ മിനിമം ഷെയര്‍ ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി, എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയുന്നതിനെക്കുറിച്ച് നിക്ഷേപകര്‍ വ്യക്തത തേടിയിരുന്നു.

കേന്ദ്രത്തിന്റെ എല്‍ഐസിയിലെ ഓഹരി വിഹിതം 5 വര്‍ഷത്തിനിടെ 75 ശതമാനത്തിന് താഴെ പോകരുതെന്ന് മാത്രമാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ 75 ശതമാനത്തിന് മുകളില്‍ എത്ര ഓഹരികള്‍ വേണമെങ്കിലും കൈവശം വെക്കാം. അതിനായി മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് വ്യവസ്ഥയില്‍ , എല്‍ഐസി ഇളവുകള്‍ തേടിയേക്കും.

ഒരു ട്രില്യണ്‍ രൂപയിലധികം മൂല്യമുള്ള കമ്പനികള്‍ ലിസ്റ്റിംഗിന് ശേഷം അഞ്ചുകൊല്ലത്തിനുള്ളില്‍ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് 25 ശതമാനം ആയി എങ്കിലും നിലനിര്‍ത്തണം എന്നാണ് സെബിയുടെ മാനദണ്ഡം.തുടര്‍ച്ചയായി ഓഹരികള്‍ വില്‍ക്കാനും കേന്ദ്രം മുതിരില്ല. ഈ സാഹചര്യത്തില്‍ഐപിഒയിലൂടെ വില്‍ക്കുന്ന എല്‍ഐസി ഓഹരികളുടെ എണ്ണം കേന്ദ്രം ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

Tags:    

Similar News