വായ്പ ചെറുതായാലും തിരികെപ്പിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈട് വസ്തു മുഴുവനും വില്‍ക്കാമോ?
ധനകാര്യ സ്ഥാപനങ്ങള്‍ നിയമപരമായും നീതിയുക്തമായും ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈടു വസ്തുവിന്മേല്‍ നടപടിയെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഈ വിധം നടപടി എടുക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിയമപരമായും നീതിയുക്തമായും ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഇടപാടുകാരന്റെ അവകാശം
നിയമപരമായി ധനകാര്യസ്ഥാപനങ്ങള്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം എന്ന് മാത്രമല്ല ഇതിനര്‍ത്ഥം. എന്നാല്‍ മറ്റെവിടെയുമെന്നപോല്‍ ഇവിടെയും നടപടികള്‍ സുതാര്യവും നീതിയുക്തവും ധര്‍മാനുഷ്ഠിതവുമായിരിക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ വസ്തു ഉടമസ്ഥനായ ഇടപാടുകാരന് നിയമപരമായി തന്നെ തിരുത്തല്‍ നടപടികള്‍ക്ക് കോടതിയെ സമീപിക്കാം.
ഒരു ഉദാഹരണം പറയാം. അടച്ചുതീര്‍ക്കാനുള്ള കടം ചെറുതും ഈടു നല്‍കിയിട്ടുള്ള വസ്തു വലുതും വസ്തുവിന്റെ വില കടത്തിനേക്കാള്‍ ഏറെ കൂടുതലുമാണെങ്കില്‍, മൊത്തം ഈട് വസ്തുവില്‍ കടം തീര്‍ക്കാന്‍ ആവശ്യമായത്ര അളവിലുള്ള വസ്തു മാത്രമേ ധനകാര്യസ്ഥാപനം ലേലം വഴി വില്‍ക്കാന്‍ പാടുള്ളൂ. വസ്തു ഈ വിധം വേര്‍തിരിച്ച് കാണിച്ച് വില്‍ക്കാന്‍ പാകത്തിലുള്ളതും വില്‍ക്കുന്ന വസ്തുവിലേക്ക് പ്രത്യേകം വഴി ഉണ്ടായിരിക്കേണ്ടതുമാണ് എന്നു മാത്രം.
മാര്‍ഷലിംഗ് - പണയാധാരത്തിലെ ധാര്‍മ്മികനീതി
മുകളില്‍ സൂചിപ്പിച്ചത് വസ്തു പണയംവെച്ച ഉടമസ്ഥന്റെ അവകാശമാണെങ്കില്‍, ഇനി പറയുന്നത് കടം കൊടുത്തയാളുകള്‍ തമ്മിലുള്ള അവകാശത്തെക്കുറിച്ചാണ്. അതാണ് മാര്‍ഷലിംഗ് - പണയാധാരത്തിലെ ധാര്‍മ്മികനീതി.
ചില സന്ദര്‍ഭങ്ങളില്‍, ഒരാള്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തെന്നിരിക്കാം. A എന്ന സ്ഥാപനത്തില്‍ നിന്നും B എന്ന സ്ഥാപനത്തില്‍ നിന്നും എന്നിരിക്കട്ടെ. ആദ്യം A എന്ന സ്ഥാപനത്തില്‍ നിന്ന് കടമെടുത്തു. ഈടായി തന്റെ രണ്ട് വസ്തുക്കള്‍ (1. വീടും പുരയിടവും 2. കച്ചവടസ്ഥലം) A എന്ന സ്ഥാപനത്തിന് നല്‍കി. പിന്നീട് B എന്ന സ്ഥാപനത്തില്‍ നിന്ന് കടമെടുത്തു. ഈ കടത്തിന് ഈടായി നേരത്തെ A എന്ന സ്ഥാപനത്തിന് കൊടുത്ത വീടും പുരയിടവും തന്നെയാണ് കൊടുത്തത്. ചുരുക്കത്തില്‍ B എന്ന സ്ഥാപനത്തിന് വീടും പുരയിടവും മാത്രമാണ് ഈടായിട്ടുള്ളത്. A എന്ന സ്ഥാപനത്തിന് വീടും പുരയിടവും കൂടാതെ കച്ചവടസ്ഥലവുമുണ്ട്.
കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ A എന്ന സ്ഥാപനം ഈടു വസ്തുവിന്‍മേല്‍ നടപടിയെടുക്കുമ്പോള്‍ ആദ്യം കച്ചവട സ്ഥലത്തിന്മേല്‍ നടപടിയെടുക്കണം. ഇതുകൊണ്ട് കടം തീരുന്നില്ലെങ്കില്‍ മാത്രമേ മറ്റേ വസ്തുവില്‍മേല്‍ (അതായത് വീടും പുരയിടവും) നടപടിയെടുക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍, B എന്ന സ്ഥാപനത്തിന് നല്‍കിയിട്ടുള്ള ഈട് ആദ്യമേ ഇല്ലാതാവുന്ന സ്ഥിതിവരും. ഇത് ആ സ്ഥാപനത്തോട് ചെയ്യുന്ന അനീതിയാണ്.
മുകളില്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍, B എന്ന സ്ഥാപനത്തിന്റെ അവകാശ സംരക്ഷണത്തിന് A എന്ന സ്ഥാപനം പാലിക്കേണ്ട ധാര്‍മ്മികനീതിയാണ് മാര്‍ഷലിംഗ് (സെക്ഷന്‍ 81 ഓഫ് ടി.പി ആക്ട്). ഉചിതവും പക്ഷപാതരഹിതവും സമദര്‍ശിയുമായ നീതിനിര്‍വഹണമാണ് മാര്‍ഷലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ മാര്‍ഷലിംഗ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ക്രമമായി നിരത്തിവെക്കുക, യഥാവിധി അടുക്കിവെക്കുക എന്നെല്ലാമാണ്.
A സ്ഥാപനം മാര്‍ഷലിംഗ് ധാര്‍മ്മികനീതിക്കനുസരിച്ചല്ല ഈടു വസ്തുക്കളിന്‍മേല്‍ നടപടിയെടുത്തത് എങ്കില്‍, B സ്ഥാപനത്തിന് അവകാശപ്പെട്ട സബ്റോഗേഷന്‍ ബെനിഫിറ്റിന് കോടതിയെ സമീപിക്കാവുന്നതാണ്. കടം നല്‍കുന്നത് സ്ഥാപനങ്ങള്‍ തന്നെ ആകണമെന്നില്ല. വ്യക്തികള്‍ ആയാലും ഈ നീതി ബാധകമാണ്.
മാര്‍ഷലിംഗ് ഒരു കേവല (absolute) അവകാശമല്ല. മാര്‍ഷലിംഗ് അവകാശം കടം നല്‍കുന്ന സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്മതത്തിന്റെയും രേഖാമൂലമുള്ള കരാറിന്റെയും അടിസ്ഥാനത്തില്‍ ഒഴിവാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യാവുന്നതാണ്