മണപ്പുറം ഫിനാന്‍സിന് ₹561 കോടി ലാഭം, ലാഭവിഹിതം പ്രഖ്യാപിച്ചു
വരുമാനം 2,100 കോടി കടന്നു;
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) ഒന്നാംപാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 560.65 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ ലാഭം 409.49 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 498.02 കോടി രൂപയേക്കാളും ലാഭം കഴിഞ്ഞപാദത്തില്‍ മെച്ചപ്പെടുത്താന്‍ മണപ്പുറം ഫിനാന്‍സിന് കഴിഞ്ഞു. പാദാടിസ്ഥാനത്തില്‍ 12.6 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനവുമാണ് ലാഭ വര്‍ദ്ധന.
ലാഭക്ഷമതയും ആസ്തിയും വർധിപ്പിക്കുന്നതിൽ രണ്ടാം പാദത്തിലും തുടച്ചയായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു. മികച്ച രീതിയിൽ വൈവിധ്യവൽക്കരിച്ച ഒരു കമ്പനിയായി മാറുക എന്ന ലക്ഷ്യം നേടുന്നതിനായി സ്വർണ വായ്പാ ഇതര ബിസിനസ്, പ്രത്യേകിച്ച് മൈക്രോഫിനാൻസ്, വാഹന-ഉപകരണ വായ്പാ ബിസിനസ് വർധിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ലാഭവിഹിതം
ഇടക്കാല ലാഭവിഹിതമായി (interim dividend) രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 80 പൈസ വീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. നവംബര്‍ 24 ആണ് ഇതിനുള്ള റെക്കോഡ് തീയതി.
ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോഴാണ് മണപ്പുറം ഫിനാന്‍സ് പാദഫലം പുറത്തു വന്നത്. വ്യാപാരന്ത്യത്തില്‍ 1.7% ഉയര്‍ന്ന് 14.60 രൂപയിലാണ് ഓഹരിയുള്ളത്.