ബാങ്ക് വായ്പകളുടെ പലിശഭാരം കുറയുമോ? അത്ഭുതം കാട്ടുമോ റിസര്‍വ് ബാങ്ക്?
പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യമാണ് സാധരണക്കാര്‍ ഉന്നയിക്കുന്നത്
ഇന്ന് തുടങ്ങുന്ന പണനയ അവലോകന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ മറ്റന്നാളാണ് അറിയുക. ഏറെ താല്‍പര്യത്തോടെയാണ് സാധാരണക്കാരും സാമ്പത്തിക രംഗം മുഴുവനും ഇത്തവണ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ കാത്തിരിക്കുന്നത്. 2023 ഫെബ്രുവരി വരെ തുടര്‍ച്ചയായി 2.50 ശതമാനം വര്‍ധിപ്പിച്ചാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്.
അതേസമയം, റീറ്റെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യം കാണാന്‍ റിസര്‍വ് ബാങ്കിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ നിരക്കുകളില്‍ ഒരു ദിശാമാറ്റത്തിന് സമയമായില്ല എന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ കുറഞ്ഞ ഒരു വിഭാഗം പ്രതീക്ഷിക്കുന്നത് ഇത്തവണ പണനയ കമ്മിറ്റി ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനം എടുത്തു കൂടെന്നില്ല എന്നാണ്.
അതിനുള്ള സാധ്യത എത്രമാത്രം ഉണ്ട്?
വിലക്കയറ്റ നിയന്ത്രണത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവിളി ഏതൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലും ആരും നേരിടുന്ന ലാസ്റ്റ് മൈല്‍ ചലഞ്ച് (last mile challenge) തന്നെയാണ്. 2022ല്‍ ഏഴു ശതമാനത്തിനടുത്ത് ആയിരുന്ന നാണ്യപ്പെരുപ്പ നിരക്ക് 2024 ജനുവരിIയില്‍ 5.10 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ പൊതുവെയുള്ള സാമ്പത്തിക ആസൂത്രണങ്ങള്‍ കൊണ്ട് സാധിച്ചു എന്നത് ശ്ലാഘനീയമാണ്.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും റിസര്‍വ് ബാങ്കിന്റെ താല്‍പര്യത്തിന് പുറത്തല്ല എന്ന വ്യക്തമായ നിലപാടിന്റെ ഭാഗമായി 2023 ഫെബ്രുവരിക്ക് ശേഷം റിപോ നിരക്ക് തല്‍സ്ഥിതിയില്‍ തുടരുകയാണ്. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യം എട്ടു ശതമാനം സാമ്പത്തികവളര്‍ച്ച നേടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. 2024-25ല്‍ മൊത്ത ആഭ്യന്തര വളര്‍ച്ച എട്ടു ശതമാനമായിരിക്കുമെന്നും (നാണ്യപ്പെരുപ്പം കുറച്ച് ഏഴു ശതമാനം - real GDP) റിസര്‍വ് ബാങ്കും വിലയിരുത്തുന്നു. വിലക്കയറ്റം നാല് ശതമാനത്തിലേക്ക് കുറച്ചു കൊണ്ട് വരണം എന്നാണ് ലക്ഷ്യം എന്നിരിക്കിലും റിപോ നിരക്ക് ഉയര്‍ത്തി സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തേണ്ടതില്ല എന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര ബാങ്ക്.
2024-25 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വിലക്കയറ്റം അഞ്ച് ശതമാനത്തില്‍ നിര്‍ത്തി, വര്‍ഷാവസാനത്തില്‍ അത് 4.7 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്നാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നത്. കുറച്ചുകൂടെ ആശാവഹമായ 4.5 ശതമാനത്തില്‍ തന്നെ ഈ വര്‍ഷം ശരാശരി വിലക്കയറ്റം എത്തിക്കാന്‍ കഴിയുക എന്നതായിരിക്കും റിസര്‍വ് ബാങ്ക് മുന്നില്‍ കാണുന്ന ഏറ്റവും ഉയര്‍ന്ന ലക്ഷ്യം.
റിപോ നിരക്ക് കൂട്ടാതെ തന്നെ ഈ രീതിയിലുള്ള സാമ്പത്തിക അച്ചടക്കം സാധ്യമാകും എന്ന് തന്നെയാകും ഇത്തവണയും പണനയ കമ്മിറ്റി എടുക്കാനിടയുള്ള നിലപാട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡ് നിരക്ക് തല്‍സ്ഥിതി നിലനിര്‍ത്തിയത് അന്തര്‍ദേശീയ തലത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല എന്ന നിഗമനത്തില്‍ എത്താനും കമ്മിറ്റിയെ സഹായിക്കും. എന്നാല്‍ 2007നു ശേഷം ആദ്യമായി ബാങ്ക് ഓഫ് ജപ്പാന്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് പക്ഷെ ആഗോളാടിസ്ഥാനത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്നാവാം പൊതുവെയുള്ള വിലയിരുത്തല്‍.
നിരക്കുകള്‍ കുറക്കണം
നിരക്കുകള്‍ കുറയ്ക്കണം എന്നാണ് സാധാരണക്കാരുടെ ആവശ്യം. ഉത്പാദന രംഗത്തും നിര്‍മ്മാണ രംഗത്തും പൊതുവെ ബിസിനസ് രംഗത്തും നിന്നുള്ള ആവശ്യവും വിഭിന്നമല്ല. വായ്പകളുടെ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യം യുക്തി ഭദ്രമെന്ന് മനസ്സിലാക്കുമ്പോഴും, സാമ്പത്തിക വളര്‍ച്ച ആശാവഹമായ നിലയില്‍ തുടരുന്ന ഈ അവസ്ഥയില്‍ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പണലഭ്യത ആവശ്യമില്ല എന്ന് തന്നെയാവും പണനയ കമ്മിറ്റി ഈയാഴ്ചയിലും തീരുമാനിക്കാന്‍ സാധ്യത. മാത്രമല്ല, രാജ്യം തെരഞ്ഞെടുപ്പിന് വളരെ അടുത്ത് നില്‍ക്കുന്ന ഈ സമയത്ത് സാമ്പത്തിക നയത്തില്‍ ഒരു ദിശാ മാറ്റം ഉചിതമാവില്ല എന്നതും പരിഗണിച്ചേക്കാം.
നയപരമായി യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ റിസര്‍വ് ബാങ്കിന് ഏതു സമയവും കഴിയും. ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോഴും സാമ്പത്തിക സാഹചര്യങ്ങള്‍ കൂടാതെ രാജ്യത്തെ ആകെമാനമുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ കാണാതെ പോകില്ല. കോവിഡ് കാലത്തെ സാമ്പത്തിക തീരുമാനങ്ങള്‍ ഇതിന് ഉദാഹരണം. അതിനാല്‍ നിരക്കുകളില്‍ ഇത്തവണയും തല്‍സ്ഥിതി നിലനിര്‍ത്തുമെന്നും, സാഹചര്യങ്ങള്‍ അനുകൂലമായി തുടരുകയാണെങ്കില്‍ ജൂണ്‍ മാസത്തില്‍ തന്നെ കാല്‍ ശതമാനം കുറച്ച് റിപോ നിരക്ക് അതിന്റെ യാത്ര പുതിയൊരു പാതയിലേക്ക് കടക്കും എന്നും പ്രതീക്ഷിക്കാം. അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ട.