ധനലക്ഷ്മി ബാങ്കിന് വീണ്ടും തിരിച്ചടി; ഇടക്കാല ചെയര്‍മാനെ നിയമിക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി
2021 ഡിസംബര്‍ മുതല്‍ ബാങ്കില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്
ധനലക്ഷ്മി ബാങ്കിന്റെ ഇടക്കാല ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. രാജഗോപാലന്‍ നായരെ നിയമിക്കണമെന്ന ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയും (എന്‍.ആര്‍.സി) ചേര്‍ന്ന് ശുപാര്‍ശ ചെയ്ത പേരാണ് റിസര്‍വ് ബാങ്ക് തള്ളിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെഡറല്‍ ബാങ്കില്‍ ജനറല്‍ മാനേജരായിരുന്ന രാജഗോപാലന്‍ നായര്‍ 2020 ഓഗസ്റ്റ് മുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്.
ചെയര്‍മാനില്ലാതെ ബാങ്ക്
ഇടക്കാല ചെയര്‍മാനായിരുന്ന ജി. സുബ്രഹ്‌മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ചശേഷം ധനലക്ഷ്മി ബാങ്കില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമിയും ബാങ്കിന്റെ ചെയര്‍മാനുമായ സജീവ് കൃഷ്ണന്‍ 2020 ജൂണില്‍ രാജിവച്ചിരുന്നു. ബാങ്കിന്റെ തലപ്പത്ത് നിന്ന് പ്രമുഖര്‍ രാജിവച്ചൊഴിയുന്നതും ആദ്യമായിരുന്നില്ല.
Also Read : ധനലക്ഷ്മി ബാങ്കിന് 38.2 കോടി രൂപ ലാഭം
സജീവ് കൃഷ്ണന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.എന്‍. മുരളി, ജി. വെങ്കടനാരായണന്‍ എന്നിവരും രാജിവച്ചിരുന്നു. ഇവരെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചതെങ്കിലും ബോര്‍ഡ് അംഗങ്ങളുമായി നിലനിന്ന ഭിന്നതയായിരുന്നു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. റിസര്‍വ് ബാങ്ക് നിയമിച്ച മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന സുനില്‍ ഗുര്‍ബക്‌സാനിയെ 2020 സെപ്തംബറില്‍ ഓഹരി ഉടമകളുടെ പൊതുയോഗം എതിര്‍വോട്ട് ചെയ്ത് പുറത്താക്കുകയും ചെയ്തിരുന്നു. നിലവിലെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജെ.കെ. ശിവനും ചില ഓഹരി ഉടമകളും തമ്മിലും അഭിപ്രായ ഭിന്നതകളുള്ളതായി ഇടക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു.
സമ്പദ് പ്രതിസന്ധികളില്‍ നിന്ന് കരകയറ്റം
തലപ്പത്ത് പ്രതിസന്ധി വിട്ടൊഴിയുന്നില്ലെങ്കിലും കഴിഞ്ഞ ഏതാനും പാദങ്ങളിലായി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ബാങ്കിന് കഴിയുന്നുണ്ട്. മൂലധന, നിഷ്‌ക്രിയ ആസ്തി പ്രതിസന്ധികളെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പി.സി.എ) നടപടിയിലുള്‍പ്പെട്ട ബാങ്ക് 2019 ഫെബ്രുവരിയില്‍ അതില്‍ നിന്ന് പുറത്തുകടന്നിരുന്നു. തുടര്‍ന്ന് മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ (2022-23) ബാങ്കിന്റെ ലാഭം 49.36 കോടി രൂപയാണ്. മുന്‍വര്‍ഷം 35.90 കോടി രൂപയായിരുന്നു. നിഷ്‌ക്രിയ ആസ്തികളും കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.