ഡിജിറ്റല്‍ രൂപ ദീര്‍ഘകാല നേട്ടങ്ങളുള്ള ഒരു ഗെയിം ചേഞ്ചര്‍: എസ്ബിഐ ചെയര്‍മാന്‍
അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ ഈ പദ്ധതി വ്യാപിപ്പിക്കും
റീട്ടെയില്‍ ഡിജിറ്റല്‍ രൂപയ്ക്കായുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ പൈലറ്റ് പ്രോജക്റ്റ് ദീര്‍ഘകാല നേട്ടങ്ങളുള്ള ഒരു 'ഗെയിം ചേഞ്ചര്‍' ആണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ഇത് വളരെ കുറഞ്ഞ ചെലവില്‍ ശക്തമായ പണ കൈമാറ്റം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിലവിലെ മോണിറ്ററി ആര്‍ക്കിടെക്ചറുമായി സഹകരിക്കുകയും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം കൂടുതല്‍ നവീകരണം പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ രൂപയുടെ പൈലറ്റ് പ്രോജക്റ്റില്‍ പങ്കെടുക്കുന്ന ബാങ്കുകളില്‍ ഒന്നാണ് എസ്ബിഐ. എട്ട് ബാങ്കുകളെയാണ് ഡിജിറ്റല്‍ രൂപയുടെ റീട്ടെയില്‍ പൈലറ്റില്‍ ഘട്ടം തിരിച്ചുള്ള പങ്കാളിത്തത്തിനായി കണ്ടെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളാണുള്ളത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ നാല് ബാങ്കുകള്‍ കൂടി ഈ പൈലറ്റിലേക്ക് പിന്നീട് ചേരും.
മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപയ്ക്കായുള്ള പൈലറ്റ് പ്രോജക്റ്റ് ആര്‍ബിഐ ആരംഭിച്ചിരുന്നു. അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ ഈ പദ്ധതി വ്യാപിപ്പിക്കും. ഡിജിറ്റല്‍ രൂപയുടെ ഉപയോഗം ഫിസിക്കല്‍ കറന്‍സി മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ (financial inclusion) വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.