ഇന്ത്യ-സിംഗപ്പൂര്‍ യുപിഐ പണമിടപാട് നടത്താന്‍ ഒരുങ്ങി എസ്ബിഐ

പ്രതിദിനം ഇത് 500 സിംഗപ്പൂര്‍ ഡോളര്‍ വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്

Update: 2023-02-23 06:46 GMT

image:@file

സിംഗപ്പൂര്‍ കമ്പനിയായ പേയ്നൗവുമായി (PayNow) സഹകരിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). സിംഗപ്പൂരുമായി ഇന്ത്യ യുപിഐ (Unified Payments Interface) ഉപയോഗിച്ചുള്ള പണമിടപാട് സാധ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഭീം എസ്ബിഐപേ 

ഇത് സര്‍ക്കാരിന്റെ ഡിജിറ്റൈലൈസേഷന്‍ ലക്ഷ്യം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ളതും തടസ്സമില്ലാത്തതുമായ പണമിടപാട് സാധ്യമാക്കുന്നതിനും സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. എസ്ബിഐയുടെ ഭീം എസ്ബിഐപേ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

200 സിംഗപ്പൂര്‍ ഡോളര്‍ വരെ

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലൂടെ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും യുപിഐ ഐഡി ഉപയോഗിച്ച് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കും പണം കൈമാറാന്‍ കഴിയും. തുടക്കത്തില്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം വഴി 200 സിംഗപ്പൂര്‍ ഡോളര്‍ വരെ ഒറ്റ ഇടപാടില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. പ്രതിദിനം ഇത് 500 സിംഗപ്പൂര്‍ ഡോളര്‍ വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31-ന് അകം ഇത് പ്രതിദിനം 1000 സിംഗപ്പൂര്‍ ഡോളര്‍ വരെയാക്കും.

പണമിടപാട് ഇനി വേഗത്തില്‍

യുപിഐയ്ക്ക് സമാനമായി സിംഗപ്പൂരിലെ ബാങ്കുകള്‍ ചേര്‍ന്ന് വികസിപ്പിച്ച പേയ്മെന്റ് സംവിധാനമാണ് പേയ്നൗ. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാവും. 2020-21ലെ കണക്കുകള്‍ പ്രകാരം വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ 5.7 ശതമാനവും സിംഗപ്പൂരില്‍ നിന്നാണ്.

Tags:    

Similar News