റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എസ്.ബി.ഐ എം.ഡി സ്വാമിനാഥന്‍ ജാനകിരാമനെ നിയമിച്ചു
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി സ്വാമിനാഥന്‍ ജാനകിരാമനെ സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം.
നിയമനം മൂന്ന് വര്‍ഷത്തേക്ക്
ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായ മഹേഷ് കുമാര്‍ ജെയിനിന്റെ കാലാവധി ജൂണ്‍ 22ന് അവസാനിക്കുന്നതോടെ സ്വാമിനാഥന്‍ ജാനകിരാമന്‍ ചുമതയലേല്‍ക്കും. ഔദ്യോഗിക ഉത്തരവ് പ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം. 2018 ജൂണിലാണ് മഹേഷ് കുമാര്‍ ജെയിന്‍ മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായത്. 2021 ജൂണില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ വീണ്ടും നിയമിക്കുകയായിരുന്നു.
നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍
20 വര്‍ഷത്തിനിടെ ആദ്യമായാണ് എസ്.ബി.ഐയുടെ ഒരു മാനേജിംഗ് ഡയറക്ടര്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനാകുന്നത്. ആര്‍.ബി.ഐക്ക് നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരുണ്ട്. ഇവരില്‍ രണ്ടുപേര്‍ റിസര്‍വ് ബാങ്കില്‍ നിന്നും ഉയര്‍ന്നുവന്ന ഉദ്യോഗസ്ഥരാണ്. മറ്റ് രണ്ടുപേരില്‍ ഒരാള്‍ സാമ്പത്തിക വിദഗ്ധനും മറ്റൊരാള്‍ വാണിജ്യ ബാങ്കില്‍ നിന്നുള്ള ഉദ്യോഗസ്ഥനുമാണ്.