എസ്.ബി.ഐയുടെ യോനോ ആപ്പില്‍ ഇനി യു.പി.ഐയും
എസ്.ബി.ഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഐ.സി.സി.ഡബ്ല്യു സൗകര്യങ്ങളും എസ്.ബി.ഐ ആരംഭിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ആപ്പിന്റെ പുതിയ പതിപ്പായ 'യോനോ ഫോര്‍ എവരി ഇന്ത്യന്‍' പുറത്തിറങ്ങി. ഇനി മുതല്‍ യോനോ ആപ്പ് യു.പി.ഐയായും (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്-UPI) പ്രവര്‍ത്തിക്കും. ഇതോടെ എസ്.ബി.ഐയുടെ ഉപയോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാനും, ഫോണ്‍ കോണ്‍ടാക്റ്റുകള്‍ വഴി പണം നല്‍കാനും, പണം അഭ്യര്‍ത്ഥിക്കാനുമെല്ലാം കഴിയും.
യു.പി.ഐ ക്യൂ.ആര്‍ ക്യാഷ്
എസ്.ബി.ഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐ.സി.സി.ഡബ്ല്യു) സൗകര്യങ്ങളും എസ്.ബി.ഐ ആരംഭിച്ചു. 'യു.പി.ഐ ക്യൂ.ആര്‍ ക്യാഷ്' ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഏത് ബാങ്കിന്റെയും ഐ.സി.സി.ഡബ്ല്യു അനുവദിച്ച എ.ടി.എമ്മുകളില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാം. എ.ടി.എം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സിംഗിള്‍ യൂസ് ഡൈനാമിക് ക്യു.ആര്‍ കോഡിലൂടെ ഇടപാടുകള്‍ നടത്താം. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ യു.പി.ഐ ആപ്ലിക്കേഷനില്‍ ലഭ്യമായ സ്‌കാന്‍, പേ ഫീച്ചര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്.
എസ്.ബി.ഐ യോനോ
ഡിജിറ്റല്‍ ബാങ്കിംഗിനായി 2017 ലാണ് എസ്.ബി.ഐ യോനോ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ എസ്.ബി.ഐയുടെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. യോനോയ്ക്ക് ഇന്ന് 6 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്.ബി.ഐയില്‍ 78.60 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ യോനോ വഴി ഡിജിറ്റലായി തുറന്നിരുന്നു.